രാംദേവിന്റെ കൊറോണില്‍ കിറ്റിന് നോ പറഞ്ഞ് നേപ്പാള്‍

യോഗ ഗുരു എന്ന വിശേഷണത്തിനുപരി വന്‍ ബിസിനസ് മാഗ്നറ്റ് ആയി മാറുന്ന ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി വീണ്ടും വിവാദത്തില്‍. കൊറോണയെ പ്രതിരോധിക്കാന്‍ മികച്ച ഔഷധമെന്ന അവകാശവാദവുമായാണ് പതഞ്ജലി ആയുര്‍വേദ കൊറോണില്‍ കിറ്റുകള്‍ നേപ്പാളിന് സമ്മാനിച്ചത്. എന്നാല്‍ ടാബ്‌ലെറ്റുകളും മൂക്കിലൊഴിക്കുന്ന മരുന്നും അടക്കമുള്ള കൊറോണില്‍ കിറ്റ് കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് ആരോപിച്ച് കിറ്റിന്റെ വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍ നേപ്പാള്‍. നേപ്പാളിലെ ആയുര്‍വേദ അനുബന്ധ മരുന്നുകളുമായി ബന്ധപ്പെട്ട വകുപ്പാണ് കിറ്റ് നിരോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കിറ്റ് ഔദ്യോഗികമായി നിരോധിച്ചില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും വിതരണം നിര്‍ത്തിയ വാര്‍ത്ത തള്ളിക്കളയാനും അവര്‍ തയാറായിട്ടില്ല.

1500ല്‍പ്പരം കൊറോണില്‍ കിറ്റുകളുടെ ഓര്‍ഡര്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിതരണം ചെയ്തുവെന്ന് രാജ്യം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കിറ്റിന്റെ വിതരണം നിര്‍ത്തിവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് നേപ്പാള്‍. ഭൂട്ടാനാണ് കിറ്റിനോട് നോ പറഞ്ഞ ആദ്യ രാജ്യം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് രാംദേവ് കൊറോണില്‍ കിറ്റ് പുറത്തിറക്കിയത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ വേളയിലാണ് പതഞ്ജലി കിറ്റ് അവതരിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *