ക്ലബ്ഹൗസ് ലോഗോയിലെ പുതിയ മുഖമിതാണ്

ക്ലബ്ഹൗസിലെ ലോ​ഗോ വീണ്ടും മാറി. ഇത്തവണ ജാപ്പനീസ്-അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കാറ്റേയോക്കയുടെ ചിത്രത്തിന് പകരം ബ്രസീലിയൻ ആക്ടിവിസ്റ്റും ക്രിയേറ്ററുമായ ദന്ദാരാ പാഗൂന്റെതാണ് പുതിയ മുഖം. കറുത്ത വർഗ്ഗക്കാരായുള്ള സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയാണ് ദന്ദാരാ പാഗൂവിന്റെ പോരാട്ടങ്ങൾ. ബ്രസീലിലെ വടക്കുകിഴക്കൻ മേഖലയിലെ പെർനാംബുക്കോയിലെ റെസിഫിലാണ് ദന്ദാരായുടെ ജനിച്ചത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ ഒന്നിൽ. 12 മക്കളുള്ള കുടുംബത്തിൽ പിറന്ന ദന്ദാരാ പാഗൂവിന്റെ കൂടെപ്പിറപ്പുകൾ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയിരുന്നു.

ബ്രസീലിൽ ക്ലബ്ഹൗസ് ആപ്പ് ആദ്യമേ ഉപയോഗിക്കാൻ തുടങ്ങിയ ദന്ദാരാ പാഗൂ അപരിചിതർ തമ്മിലുള്ള ചർച്ചകളിൽ മോഡറേറ്റർ ആയതോടെയാണ് ശ്രദ്ധയേയായത്. വംശീയതയ്ക്കും അക്രമത്തിനും എതിരെയുള്ള പല ചർച്ചകളിലും ദന്ദാരാ പാഗൂ ആയിരുന്നു മോഡറേറ്റർ. ഗായിക പ്രീത ഗിൽ, ടിവി ഹോസ്റ്റ് ലൂസിയാനോ ഹക്ക്, നിർമ്മാതാവ് ബോണിൻഹോ എന്നിങ്ങനെ ബ്രസീലിലെ പല പ്രമുഖരും ദന്ദാരാ സംഘടിപ്പിച്ച ക്ലബ്ഹൗസ് റൂമുകളിൽ സംസാരിച്ചു.

ദന്ദാരാ പാഗൂവിന് മുൻപ് ഐക്കൺ ആയിരുന്നത് ഡ്രൂ കാറ്റേയോക്കയാണ്. ഇവർക്ക് ക്ലബ്ഹൗസിൽ 700,000-ൽ അധികം ഫോളോവേഴ്‌സുണ്ട്. അതിനുമുൻപ് ക്ലബ്ഹൗസിൽ കോട്ടൺ ക്ലബ് ചാനൽ നടത്തുന്ന ഗിറ്റാറിസ്റ്റായ ബോമാനി എക്‌സ് ആയിരുന്നു ആപ്പിന്റെ മുഖം. അമേരിക്കൻ കലാകാരനായ കിംഗ് കിക്കോ, സ്റ്റാർട്ട് അപ്പുകളിൽ ശ്രദ്ധച്ചെലുത്തുന്ന ഫ്രഞ്ച് യുവതിയായ എറിക്ക ബാറ്റിസ്റ്റ, പോഡ്‌കാസ്റ്റുകളായ WeAreLATech, WomenInTechShow എന്നിവ സംഘടിപ്പിക്കുന്ന എസ്പ്രീ ഡെവോറ തുടങ്ങിയവരും മുൻ ക്ലബ്ഹൗസ് ലോഗോ താരങ്ങളാണ്.

Comments: 0

Your email address will not be published. Required fields are marked with *