ഇത്തവണ തമിഴ്നാടിനെ ആശ്രയിക്കേണ്ട ; നമുക്ക് നമ്മുടെ തന്നെ പച്ചക്കറി

കൊവിഡ് ലോക്ക്ഡൗണ്‍ ഈ രണ്ടാമത്തെ ഓണക്കാലത്ത് നാടന്‍ പച്ചക്കറി തന്നെ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കൃഷിവകുപ്പ്. മുന്‍വര്‍ഷങ്ങളെക്കാള്‍ 243 മെട്രിക് ടണ്ണിന്റെ അധിക വിളവാണ് കൊവിഡ് കാലത്ത് പച്ചക്കറി കൃഷിയില്‍ മുന്നേറ്റം ഉണ്ടായതിനാല്‍ പ്രതീക്ഷിക്കുന്നത്. ജൂലായ് 17ന് കൃഷിവകുപ്പിന്റെ പ്രത്യേക ചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് പലരും കൃഷിയിലേക്ക് വഴിതിരിഞ്ഞതിനാല്‍ ഈ തവണ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരില്ല എന്നാണ് നിഗമനം. ചരിത്രത്തില്‍ തന്നെ ആദ്യമായി കൃഷി ഏറ്റവും അധികം ഭൂപ്രദേശത്ത് നടത്തപ്പെട്ടത് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയെ വന്‍ വിജയമാക്കി. പച്ചക്കറി വിത്തുകളും, കൃഷി ഓഫീസുകള്‍ മുഖേന പച്ചക്കറിത്തൈകളും ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു.

ഒട്ടനവധി വീടുകളില്‍ ലോക്ക്ഡൗണ്‍ കാലത്തെ വിരസത അകറ്റാന്‍ പച്ചക്കറി കൃഷി തുടങ്ങിയതും ഗുണകരമായി. 6500 ഹെക്ടര്‍ ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെയ്ത കൃഷിയും വിളവെടുപ്പിന് പാകമാവുകയാണ്. ചന്തകള്‍ ജില്ലാ ആസ്ഥാനങ്ങള്‍ക്ക് പുറമേ വിവിധ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ചും തുറക്കും. തദ്ദേശീയമായി തന്നെ പരമാവധി പച്ചക്കറികള്‍ സംഭരിക്കും. കേരളത്തില്‍ വിളയാത്ത ഉള്ളി, സവാള, കാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികള്‍ മാത്രം പുറത്തുനിന്നും എത്തിക്കാനാണ് തീരുമാനം. സംഭരിക്കുന്ന പച്ചക്കറികളുടെ പട്ടിക നിശ്ചയിച്ചു കഴിഞ്ഞു.

പച്ചക്കറി കൃഷിയെ മുന്‍വര്‍ഷങ്ങളെ പോലെ ഈ തവണ മഴ പ്രതിസന്ധിയില്‍ ആക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ തവണ കൂടുതല്‍ കൃഷി ചെയ്യപ്പെട്ടത് കോവയ്ക്ക, പയര്‍, പടവലങ്ങ, ഏത്തക്ക, കപ്പ, പാവയ്ക്ക, മുരിങ്ങക്ക, ചീര എന്നിവയാണ്.

Comments: 0

Your email address will not be published. Required fields are marked with *