Flash News

‘പുണ്യാളൻ’ ചെയ്തപ്പോൾ ആർക്കും പ്രശ്നം ഉണ്ടായില്ല, ‘ഈശോ’ കണ്ടുകഴിഞ്ഞാൽ തെറ്റിദ്ധാരണ മാറും : ജയസൂര്യ

ക്രൈസ്തവ വിശ്വാസവുമായി ‘ഈശോ’ എന്ന സിനിമയ്ക്ക് ബന്ധമില്ലെന്ന് ചിത്രത്തിലെ നായകൻ ജയസൂര്യ. “ഈശോ കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഈശോ എന്ന പേരിനൊപ്പം ‘നോട്ട് ഫ്രം ദ് ബൈബിൾ’ എന്ന് കൊടുത്തത് ആശയകുഴപ്പം ഒഴിവാക്കാനാണ്. അതിലും തെറ്റിദ്ധാരണ പടർത്തുമ്പോൾ ഒന്നും പറയാനില്ല.” ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ വാക്കുകളിലേക്ക് :

“ആരും ‘പുണ്യാളൻ അഗർബത്തീസ്’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്നീ സിനിമകൾ ചെയ്തപ്പോൾ പ്രശ്നവുമായി വന്നില്ല. പുറത്തുള്ളവർ സിനിമയുടെ പേരിനെ ചൊല്ലി നിയന്ത്രണങ്ങളുമായി വരുന്നത് അംഗീകരിക്കാൻ കഴിയില്ല. ‘ഈശോ’ മുന്നോട്ട് വെക്കുന്ന ഒരു സന്ദേശമുണ്ട്. സിനിമ കാണുമ്പോൾ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറും.

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ‘ഈശോ’ എന്ന് പേരിട്ടതുകൊണ്ട് മാത്രം ഇത്രയേറെ ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതിൽ വളരെ വിഷമമുണ്ട്. സിനിമ പുറത്ത് ഇറങ്ങിയതിനു ശേഷം ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാം. നിങ്ങൾക്കൊപ്പം അതിന് ഞങ്ങളും ഉണ്ടാകും. പ്രേക്ഷകരാണ് കലാകാരന്മാരുടെ കാണപ്പെട്ട ദൈവം. അതുകൊണ്ട് തന്നെ സിനിമാക്കാർക്ക് അവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാൻ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കണം.”

‘ഈശോ’ എന്ന സിനിമയുടെ പേരിന് എതിരെ ഒരു വിഭാഗം ക്രൈസ്തവ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ വാദം സിനിമ യേശുദേവനെയും, ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നു എന്നാണ്. ഇതേ ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ നേതാവ് പി.സി ജോര്ജും രംഗത്തെത്തിയിരുന്നു. സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ധർണ്ണയും പ്രഖ്യാപിച്ചു. സംവിധായകൻ നാദിർഷായുടെ നിലപാട് സിനിമയുടെ പേര് മാറ്റില്ല എന്നാണ്.

നാദിർഷ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ‘ഈശോ’. ചിത്രത്തിൽ ജാഫർ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുൺ നാരായണനും ബാദുഷയും നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുനീഷ് വാരനാടാണ്.

Comments: 0

Your email address will not be published. Required fields are marked with *