Flash News

സമയം ശരിയല്ല, ഇപ്പോള്‍ ആരും ഗര്‍ഭിണികളാവരുത്; സ്ത്രീകൾക്ക് നിർദ്ദേശം നൽകി ശ്രീലങ്ക

കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ യുവതികളാരും ഗര്‍ഭം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ നാല്‍പ്പതിലധികം ഗര്‍ഭിണികള്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ഡെല്‍റ്റാ വകഭേദമാണ് ദ്വീപ് രാഷ്ട്രത്തിന് തലവേദനയായി തീര്‍ന്നിരിക്കുന്നത്.

സാധാരണയായി ശ്രീലങ്കയില്‍ പ്രതിവര്‍ഷം 90 മുതല്‍ 100 വരെ ഗര്‍ഭിണികള്‍ മരണപ്പെടാറുണ്ട്. എന്നാല്‍ കൊവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ നാല് മാസമായി കൂടുതല്‍ മരണം സംഭവിച്ചതോടെയാണ് യുവതികള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മുതല്‍ 41 ഗര്‍ഭിണികള്‍ മരണപ്പെട്ടു എന്നാണ് ശ്രീലങ്കന്‍ സര്‍ക്കാരിലെ ഹെല്‍ത്ത് പ്രൊമോഷന്‍ ബ്യൂറോ ഡയറക്ടര്‍ ചിത്രമാലി ഡി സില്‍വ അഭിപ്രായപ്പെടുന്നത്.

കൊവിഡിന്റെ വ്യാപനം രൂക്ഷമായതിനാല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഗര്‍ഭധാരണം വെകിപ്പിക്കാന്‍ നവദമ്പതികളോട് അഭ്യര്‍ത്ഥിക്കുന്നതായി ഗൈനക്കോളജിസ്റ്റായ ഹര്‍ഷ അടപ്പാട്ട് പറയുന്നു. ഏകദേശം 5,500 അമ്മമാര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. ഇതില്‍ 70 ശതമാനവും പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ എത്രയും പെട്ടെന്ന് കൊവിഡ് വാക്സിന്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്

Comments: 0

Your email address will not be published. Required fields are marked with *