ഒളിമ്പിക്‌സ്; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വാശിയേറിയ മത്സരത്തിൽ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടൻ ഇന്ത്യയെ കീഴടക്കിയത്. ബ്രിട്ടനെ വിറപ്പിച്ച ഇന്ത്യൻ ടീം അവസാന നിമിഷം വരെ പൊരുതിയാണ് മത്സരം അവസാനിപ്പിച്ചത്. അവസാന നിമിഷം ലീഡ് നഷ്ടമായതാണ് തോൽവിക്ക് കാരണമായത്.

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.

മത്സരം തുടങ്ങിയപ്പോള്‍ മുതൽ ബ്രിട്ടന്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ആദ്യ മിനിറ്റുകളിൽ അറ്റാക്ക് ചെയ്ത കളിച്ച ബ്രിട്ടൻ ഇന്ത്യൻ ടീമിന് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രേമിച്ചുകൊണ്ടേ ഇരുന്നു. എന്നാൽ ആക്രമണങ്ങളെ ആദ്യ ക്വാർട്ടറിൽ പൊരുതിയ ഇന്ത്യ എന്നാൽ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ബ്രിട്ടന് മുന്നിൽ പതറി. 16-ാം മിനിട്ടില്‍ സിയാന്‍ റായെറാണ് സ്‌കോര്‍ ചെയ്തത്. റായറിന്റെ ക്രോസ് ഇന്ത്യന്‍ പ്രതിരോധതാരം സുശീല ചാനുവിന്റെ ഹോക്കി സ്റ്റിക്കില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഷ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിട്ടിലേക്ക് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബ്രിട്ടന്‍ രണ്ടാം ഗോള്‍ നേടി. 24-ാം മിനിട്ടില്‍ മികച്ച ഫിനിഷിലൂടെ സാറ റോബര്‍ട്സണാണ് ഗോള്‍ നേടിയത്. ഇതോടെ ബ്രിട്ടന്‍ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

25-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ 26-ാം മിനിട്ടില്‍ ഇന്ത്യ ബ്രിട്ടനെ ഞെട്ടിച്ച് സമനില ഗോള്‍ നേടി. ഇത്തവണയും പെനാല്‍ട്ടി കോര്‍ണറിലൂടെ ഗുര്‍ജിത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിലാദ്യമായി ഇന്ത്യ ലീഡെടുത്തു. വന്ദന കടാരിയയാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് പ്രതിരോധതാരത്തിന്റെ പിഴവില്‍ നിന്നും പന്ത് കണ്ടെത്തിയ വന്ദന ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഗോള്‍ നേടി. താരത്തിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളാണിത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-2 എന്ന സ്‌കോറിന് മുന്നിലെത്തി. ഈ അഞ്ച് ഗോളുകളും രണ്ടാം ക്വാര്‍ട്ടറിലാണ് പിറന്നത്.

എന്നാൽ 35-ാം മിനിട്ടില്‍ ബ്രിട്ടന്‍ സമനില ഗോള്‍ കണ്ടെത്തി. നായിക ഹോളി പിയേനെ വെബ്ബാണ് ബ്രിട്ട്ന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ഉദിതയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ഈ അവസരം മുതലെടുത്ത് ബ്രിട്ടന്‍ മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 48-ാം മിനിട്ടില്‍ ഗ്രേസ് ബാള്‍സ്ഡണാണ് നാലാം ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. വൈകാതെ നിരാശയോടെ ഇന്ത്യ മത്സരത്തില്‍ കീഴടങ്ങി.

Comments: 0

Your email address will not be published. Required fields are marked with *