സജി ചെറിയാനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ
കെ റെയിൽ പദ്ധതിയ്ക്കെതിരായ ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയറവ് പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനകീയ പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന അതേ ശൈലി തന്നെയാണ് പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. നരേന്ദ്ര മോദിയ്ക്ക് കർഷക സമരത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന അതേ അനുഭവം പിണറായിക്കും ഉണ്ടാകും. മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണ് സജി ചെറിയാനും കൂട്ടരുമെന്നും വി ഡി സതീശൻ ആക്ഷേപിച്ചു.
ഇടത് ഘടകകക്ഷികൾക്ക്പോലും സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. ഡി പി ആറിലെ വസ്തുതാപരമായ തെറ്റുകൾ മന്ത്രിമാർ അടക്കം ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
‘സിൽവർലൈൻ വിരുദ്ധ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സമരം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് സർക്കാരിന്റെ ഭീഷണി. സമരക്കാരെ ഞങ്ങൾ കുരുതികൊടുക്കില്ല. ജയിലിൽ പോകാൻ കോൺഗ്രസ് പ്രവർത്തകർ തയാറാണ്.’ സതീശൻ വ്യക്തമാക്കി.