പാർട്ടി നേതാവിനെ കൊന്ന് വെട്ടിനുറുക്കി
ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി.ചെന്നൈയിലാണ് ദാരുണസംഭവം നടന്നത്. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്. രായപുരം ഗ്രേസ് ഗാർഡന് സമീപം ചക്രപാണിയുടെ ഇരുചക്രവാഹനം പൊലീസ് കണ്ടെത്തി. രണ്ടാം സ്ട്രീറ്റിലെ വീടിന് സമീപം മൊബൈൽ ഫോണുണ്ടെന്ന് കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിൽ ശുചിമുറിയിൽ നിന്നും കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ചക്രപാണിയുടെ മൃതശരീരം കണ്ടെടുത്തു. മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. പലിശയ്ക്ക് പണം കൊടുക്കുന്ന ചക്രപാണിക്ക് ഇടപാടുകാരിയായ തമീൻ ബാനു എന്ന വീട്ടമ്മയുമായി ബന്ധമുണ്ടായിരുന്നു. ഇവരെ കാണാൻ എത്തിയത് ചോദ്യം ചെയ്ത സഹോദരൻ വസീം പാഷയുമായുണ്ടായ തർക്കമാണ് കയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്. ചക്രപാണിയുടെ അറുത്തെടുത്ത തല അഡയാർ പാലത്തിൽ നിന്ന് കൂവം നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് വസീം പാഷ പൊലീസിനോട് സമ്മതിച്ചു. ഇതിനായി കൂവം നദിയിൽ തെരച്ചിൽ തുടരുകയാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom