ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പന ആഘോഷമാക്കി ജനങ്ങൾ; വാങ്ങിക്കൂട്ടിയത് 32,000 കോടിയുടെ സാധനങ്ങൾ

രാജ്യത്തെ ഉത്സവ കാലം മുന്നില്‍ക്കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ജനങ്ങൾ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഉത്സവ വില്‍പ്പനകള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ഫാഷന്‍, മൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ലാപ്ടോപ്പുകള്‍ അടക്കം ‘വര്‍ക്ക് ഫ്രം ഹോം’ ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 10വരെയുള്ള കണക്കുകളാണ് റെഡ് സീര്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേ സമയം ഉത്സവ വില്‍പ്പനക്കാലത്ത് ഓണ്‍ലൈന്‍ വിപണിയില്‍ ഫ്ലിപ്പ്കാര്‍ട്ടാണ് ആധിപത്യം നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. 64 ശതമാനം വിപണി വിഹിതം ഫ്ലിപ്പ്കാര്‍ട്ട് നേടി. അതേ സമയം ആമസോണിന് 28 ശതമാനമാണ് വിപണി വിഹിതം.

ബാങ്കുകളുമായി വിവിധ പ്ലാറ്റ്ഫോമുകള്‍ ഉണ്ടാക്കിയ വില്‍പ്പന സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ട്കെട്ടുകള്‍, ഓഫറുകളും വിലക്കുറവും, പ്രമുഖ ബ്രാന്‍റുകളുടെ വിലകളില്‍ വരുത്തിയ കുറവ് ഇങ്ങനെ ഒരുകൂട്ടം കാര്യങ്ങള്‍ വില്‍പ്പന വര്‍ദ്ധനവിന് സഹായിച്ചുവെന്നാണ് റെഡ് സീര്‍ കണ്‍സള്‍ട്ടന്‍സി അസോസിയേറ്റ് പാര്‍ട്ണര്‍ ഉജ്ഞ്വല്‍ ചൗദരി പറയുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ 61 ശതമാനം വരുന്നത് ഇന്ത്യയിലെ ടയര്‍ 2 നഗരങ്ങളില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഗ്രാമീണ മേഖലകളില്‍ നിന്നും വില്‍പ്പന വര്‍ദ്ധിക്കുന്നത് വലിയ സൂചനയാണ്.

Comments: 0

Your email address will not be published. Required fields are marked with *