ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി

ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാറിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണ്. എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ചെയ്തികൾ മൂലമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നാടിന്റെ മുഴുവൻ പിന്തുണയുള്ള നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയിൽ എത്ര പേരുടെ പിന്തുണ കെ സുധാകരന് ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. കെപിസിസി അദ്ധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറയ്ക്കാൻ ഉള്ള ലൈസൻസ് അല്ല. പിണറായി വിജയൻ ആരാണെന്നും കെ സുധാകരൻ ആരാണെന്നും വ്യക്തമായി പൊതുജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Comments: 0

Your email address will not be published. Required fields are marked with *