വെള്ളക്കടലാസ് (എഴുതുന്ന പേജുകളോട് ഒരു ക്ഷമാപണം )

വെളുത്തു ശൂന്യമായ കടലാസ്

കണ്ടിട്ട് അസൂയ തോന്നുന്നു.

ഒന്നും ചിന്തിക്കാനില്ലാതെ,

ഒന്നും അറിയണമെന്നില്ലാതെ,

ഒന്നും പറയണമെന്നില്ലാതെ,

ശൂന്യമായ മനസ്സോടെ

നിശ്ചേഷ്ടം വിശ്രമിക്കുന്നു .

മൗനത്തിൽ പടർന്നുകിടക്കുന്ന

മഹാബോധത്തിന്റെ മന്ദഹാസം പോലെ,

എന്നിലെ അസൂയ നിന്നെയും

എന്നെപ്പോലെയാക്കിയോ?

നീയെന്തിനു എന്നോട് കലഹിക്കുന്നു

സ്വന്തം ദുഃഖം മറ്റുള്ളവരിലേക്കും

പകരുവാൻ ഞങ്ങൾ മനുഷ്യർക്ക്‌

സഹജവാസനയുണ്ടെന്നു നിനക്കറിയില്ലേ? സദയം ക്ഷമിക്കുക.

അക്ഷരങ്ങളാൽ അർത്ഥങ്ങളാലും

നിനക്ക് മുറിവേല്പിച്ച ഞാൻ

ഒരു സാഡിസ്റ്റാണെന്ന് നീ പഴിക്കുമോ?

അതോ ആത്മനൊമ്പരമിറക്കിവച്ച

എന്റെ ആത്മാവായ് നീ മാറുമോ???

Comments: 0

Your email address will not be published. Required fields are marked with *