ഇതൾ കൊഴിഞ്ഞ പൂവ്‌

വാനിൽ മഴമേഘക്കൂട്ടം കാണവേ
പനിനീർ പൂവാമെൻ മനം തുടികൊട്ടി
ഇക്കൊടും ചൂടിലും മനതാരിൽ പൊന്തുമാ
കുളിർമ്മയിൽ എൻ മനം കോരിത്തരിച്ചു
ചുണ്ടിൽ വിരിഞ്ഞൊരു മൃദു മന്ദഹാസമെൻ
ദളങ്ങളിൽ ശോഭതൻ ഒളിവിതറി
കാത്തിരുന്നൂ ഞാനാ പവിഴമുത്തുകൾക്കായ്‌
മിഴികൾ നട്ട്‌ കൊണ്ടാ കൊടും വേനലിൽ
അറിയാതെ എപ്പൊഴോ കൺപീലി കോർത്തപ്പോൾ
കേൾക്കുന്നുവോ കാതിൽ, മഴ തൻ സംഗീതം?
ചിതറിത്തെറിക്കുന്ന മണിമുത്തുപോലാ-
മഴപ്പാട്ടെൻ കാതോരമലയടിച്ചൊ?
മിഴികൾ തുറന്നെൻ ദലങ്ങളാലാ മഴയെ-
പ്പുണരുവാൻ എൻ മനം കൊതിച്ചുപോയി
എത്രയോ നാളുകൾ കാത്തിരുന്നൂ!
പരിഭവമോതി ഞാൻ പീലിചിമ്മി
അറിയുന്നു ഞാൻ നിൻ കുളിർമ്മ
അറിയുന്നു ഞാൻ നിൻ സാന്ത്വനം
എന്നിട്ടുമെന്തേ പൊള്ളുന്നു,
ദലങ്ങൾ മുറിയുന്ന വേദനയും
ഇതുവെറും സ്വപ്നമോ? മഴയെവിടെ? മഴപ്പാട്ടെവിടെ?
യാത്രയാകുന്നു ഞാനാം പനിനീർപ്പൂവ്‌
മണ്ണിന്റെ മാറിലലിഞ്ഞു ചേരാൻ

✍🏻നയന നിരീഷ്

Comments: 0

Your email address will not be published. Required fields are marked with *