ഇത് കിഴക്കമ്പലത്തെ ഇന്ത്യയുടെ മാണിക്യം; അറിയാം മലയാളക്കരയിലേക്ക് അരനൂറ്റാണ്ടിനുശേഷം ഒളിമ്പിക്സ് തിളക്കമെത്തിച്ച ശ്രീജേഷിനെ!

നാലു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇന്ത്യയിലും കേരളക്കരയിലും ഒളിമ്പിക്സ് തിളക്കം. അത് എത്തിച്ചതാകട്ടെ ഇന്ത്യയുടെ അഭിമാനം കിഴക്കമ്പലത്തിന്റെ സ്വന്തം ശ്രീജേഷ്. അങ്ങനെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചിരിക്കുന്നത്. ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നത് മലയാളിയായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിനോടാണ്. 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരിക്കുകയാണ് ശ്രീ. 49 വര്‍ഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന വിശേഷണവും ശ്രീജേഷിന് സ്വന്തം. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ മെഡല്‍ നേട്ടം. മലയാളികള്‍ നേടിയ രണ്ട് മെഡലുകളും സംഭാവന ചെയ്തത് കേരളത്തില്‍ ഏറെയൈാന്നും വേരോട്ടമില്ലാത്ത ഹോക്കിക്കാരാണ് എന്നത് കൗതുകകരാണ്.

വ്യാഴാഴ്ച വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ നാകനായത് ശ്രീജേഷായിരുന്നു. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ ഇന്ന് നടത്തിയത്. ബ്രിട്ടനെതിരായ ക്വാര്‍ട്ടറിലും ശ്രീയുടെ ഗോള്‍കീപ്പിങ് മികവാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തില്‍ നടത്തിയത്. ഒളിമ്പിക്സിന് പോലും യോഗ്യത നേടാനാകാതെ പോയ ദനയനീയാവസ്ഥയില്‍ നിന്ന് ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ പിടിച്ചുയര്‍ത്തിയതില്‍ ശ്രീജേഷിന് തന്റേതായ റോളുണ്ടായിരുന്നു. ഒരുകാലത്ത് എതിരാളികള്‍ ഭയപ്പെട്ടിരുന്ന ടീമിന് ആധുനിക ടര്‍ഫിന്റെ വരവോടെയാണ് ആ പ്രതാപം നഷ്ടമാകുന്നത്. എന്നാല്‍ പതിയെ ഇന്ത്യ അതിനോട് ഇണങ്ങി.

രാജ്യത്തിനായി വിവിധ ടൂര്‍ണമെന്റുകളില്‍ ഗോള്‍കീപ്പര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2016-ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വര്‍ഷത്തിനിടയില്‍ ഗോള്‍കീപ്പറെന്ന പദവി ശ്രീജേഷില്‍ വന്നുംപോയും കൊണ്ടേയിരുന്നു.

സീനിയര്‍ ഗോള്‍കീപ്പറായ അഡ്രിയന്‍ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ല്‍ ചൈനയിലെ ഒര്‍ഡൊസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്. അതിനുശേഷം ഇന്ത്യയുടെ ഗോള്‍കീപ്പറുടെ ജേഴ്സിയില്‍ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്. പിന്നീട് 2012 ലണ്ടന്‍ ഒളിമ്പിക്സിലും 2014-ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യന്‍ ഹോക്കി ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യന്‍ ടീമിന്റെ രക്ഷക്കെത്തിയത് ശ്രീജേഷായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരായ ഫൈനല്‍ ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റി സ്ട്രോക്സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി.

തുടര്‍ന്ന് ലണ്ടനില്‍ ജൂണ്‍ പത്ത് മുതല്‍ പതിനേഴ് വരെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവതാരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള നിയോഗം ശ്രീജേഷിനായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഒളിമ്പിക്സിന് തയ്യാറെടുക്കുന്നതിന് വിശ്രമം അനുവദിച്ച പ്രഖ്യാപിച്ച ടീം എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനവുമായി ലണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തി. ബ്രിട്ടനെതിരെയും ദക്ഷിണ കൊറിയക്കെതിരെ നേടിയ വിജയങ്ങളും കരുത്തരായ ജര്‍മനിക്കെതിരെ നേടിയ സമനിലയും ഇന്ത്യയെ ഫൈനലിലെത്തിച്ചു. കലാശക്കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ശ്രീജേഷിനെ കാത്തിരുന്നത് റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിക്കാനുള്ള ദൗത്യമായിരുന്നു. നിലവിലെ നായകന്‍ സര്‍ദാര്‍ സിംഗ് ലൈംഗിക വിവാദത്തില്‍ പെട്ടതും നായകസ്ഥാനത്തേക്കുള്ള ശ്രീജേഷിന്റെ വരവ് എളുപ്പമാക്കി.

പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമെല്ലാം വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ മറ്റൊരു പാതിമലയാളി കൂടിയുണ്ട്. അലന്‍ സ്‌കോഫീല്‍ഡ്. മറ്റൊരു ഹോക്കി താരം. 1980 മോസ്‌ക്കോ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ ടീമില്‍ അംഗമായിരുന്നു അയര്‍ലന്‍ഡില്‍ നിന്ന് ശ്രീലങ്ക വഴി മൂന്നാറില്‍ എത്തിയ ടീ പ്ലാന്റര്‍ ജോര്‍ജ് സ്‌കോഫീല്‍ഡിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റില്‍ ഗ്രേസ് തോമസിന്റെയും പുത്രനായ അലന്‍. എന്നാല്‍, പകരക്കാരന്‍ ഗോള്‍കീപ്പറായിരുന്ന അലന് മോസ്‌ക്കോ ഒളിമ്പിക്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. മാന്വല്‍ ഫ്രെഡ്രിക്കിനേക്കാളും അലന്‍ സ്‌കോഫീല്‍ഡിനേക്കാളും പത്തരമാറ്റ് തിളക്കമുള്ളതാണ് ശ്രീജേഷ് നേടിയ വെങ്കലം.

വെറുതെ ഒരു മെഡല്‍ സ്വന്തമാക്കുകയല്ല, ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രംകുറിച്ച തിരിച്ചുവരവില്‍ എല്ലാ അര്‍ഥത്തിലും മാന്‍ ഓഫ് ദി മാച്ചായാണ് ശ്രീജേഷിന്റെ മടക്കം. ഒട്ടും സാധ്യത കല്‍പിക്കപ്പെടാതിരുന്ന ടീമിനെ വെങ്കലം വരെ എത്തിച്ചത് ശ്രീജേഷിന്റെ എണ്ണമറ്റ സേവുകളാണെന്ന് നിസ്സംശയം പറയാം. വെങ്കല മെഡല്‍ നിശ്ചയിച്ച മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് വീണുകിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷാണ് അത്ഭുതകരമായി സേവ് ചെയ്തത്. ഈ സേവോടെ ഫൈനല്‍ വിസില്‍ ഉയരുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ പോസ്റ്റില്‍ ഒരു വന്‍മതില്‍ തന്നെയായിരുന്നു ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ രാജ്യത്തിൻറെ ഈ അഭിമാന താരം.

Comments: 0

Your email address will not be published. Required fields are marked with *