ആമസോണ്‍ വനത്തിന്റെ അഭിമാനം; അപൂർവമായ ഗ്വാരാന പഴം!

ബ്രസീലിയൻ പട്ടണമായ മയൂസിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പോണ്ട ഡാ മറേസിയ ബീച്ച്. മയൂസിന്‍റെ സ്വകാര്യ അഭിമാനമാണ് ഗ്വാരാന പഴങ്ങള്‍. കാണുമ്പോള്‍ തന്നെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ് ഗ്വാരാന കായ്കള്‍. മനുഷ്യന്‍റെ കണ്ണിനോട് സമാനത പുലർത്തുന്ന രൂപമാണ് ഈ കായ്കള്‍ക്കുള്ളത്. പഴങ്ങൾ പാകമാകുമ്പോൾ, ചുവന്ന തൊലി പിളര്‍ന്ന്, ഉള്ളില്‍ വെളുത്ത കാമ്പും അതിനു നടുവിലായികറുത്ത വിത്തും കാണാനാകും. ബ്രസീലില്‍ത്തന്നെ ഏറ്റവും മികച്ച ഗ്വാരാന ഫലങ്ങള്‍ ഉൽ‌പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മയൂസ്. ഈ പ്രദേശത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും സംസ്കാരവും ഗ്വാരാനയെ ചുറ്റിപ്പറ്റിയാണ് എന്ന് പറയാം. ഉത്തേജക, ഔഷധ ഗുണങ്ങളുള്ള ഈ ഫലം ലോകമെങ്ങും വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ്. മോൺസ്റ്റർ, റോക്ക്സ്റ്റാർ പോലുള്ള എനർജി ഡ്രിങ്കുകൾ മുതല്‍ മരുന്നുകളും സൗന്ദര്യവർദ്ധകവസ്തുക്കളുമെല്ലാം നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു.

പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളർ വരുമാനമാണ് ഇതിലൂടെ ബ്രസീലിന് ലഭിക്കുന്നത്.
ഉയർന്ന അളവില്‍ കഫീൻ അടങ്ങിയിരിക്കുന്നു എന്നതാണ് ഗ്വാരാനയുടെ ഏറ്റവും വലിയ പ്രത്യേകത. കോഫി ബീനുകളേക്കാൾ നാലിരട്ടിയാണ് ഇതില്‍ അടങ്ങിയിട്ടുള്ള കഫീനിന്‍റെ അളവ്! തലച്ചോറിന് ഉത്തേജനം നല്‍കുന്ന സാപ്പോണിനുകളും ടാന്നിസും ഉൾപ്പെടെയുള്ള നിരവധി സൈക്കോ ആക്റ്റീവ് ഉത്തേജകങ്ങളും ആന്‍റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഹൃദ്രോഗം, നീര്‍വീക്കം, ഡിപ്രഷന്‍ തുടങ്ങിയവ തടയാനും ലൈംഗിക ഉത്തേജനത്തിനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.ഗ്വാരാനയുടെ നാടെന്ന് മയൂസിനെ വിളിക്കുന്നുണ്ടെങ്കിലും ഈ നഗരം ഉണ്ടാകുന്നതിനും എത്രയോ മുന്‍പേ തന്നെ ഗ്വാരാന കൃഷി ചെയ്യാന്‍ ആരംഭിച്ചിരുന്നു.

ആദിമഗോത്ര വര്‍ഗ്ഗമായ സറ്റെരെ-മാവേ വിഭാഗത്തില്‍പ്പെട്ടവര്‍ നൂറ്റാണ്ടുകളായി കാടിനുള്ളില്‍ ഇത് കൃഷി ചെയ്യുന്നുണ്ട്. ഇവരുടെ പൂര്‍വ്വികരാണ് ഈ പഴങ്ങളെക്കുറിച്ച് ആദ്യമായി കൂടുതല്‍ മനസ്സിലാക്കിയതും മികച്ച കൃഷി, സംസ്കരണ രീതികൾ ആവിഷ്കരിക്കുകയും ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, ബൊളീവിയ, അർജന്റീന, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്തതിന്‍റെ രേഖകള്‍ ലഭ്യമാണ്. മയൂസിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് സറ്റെരെ-മാവേ വിഭാഗക്കാര്‍ ഇപ്പോഴും പരമ്പരാഗത രീതിയിൽ ഗ്വാരാന കൃഷി ചെയ്യുന്നുണ്ട്. 8,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംരക്ഷിത വനപ്രദേശം നിറയെ പടര്‍ന്നു കിടക്കുന്ന ഗ്വാരാന കൃഷിയുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *