ഖുറാൻ കത്തിച്ച് സ്വീഡനിൽ പ്രക്ഷോഭം
സ്വീഡനിൽ തീവ്രവലതുപക്ഷ സംഘങ്ങളുടെ മുസ്ലിം വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഇസ്ലാമിക ഗ്രന്ഥമായ ഖുറാൻ കത്തിക്കുകയും കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് നിരവധി പേർ അറസ്റ്റിലായി. നിരവധിപേർക്ക് പരിക്കേറ്റു. ഖുറാൻ കത്തിച്ച പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തു. കലാപത്തിൽ 26 പൊലീസ് ഉദ്യോഗസ്ഥർക്കും 14 പൗരന്മാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്വീഡനിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ പാർട്ടിയായ ഹാർഡ്ലൈൻ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. രാജ്യത്തെ അക്രമ സംഭവങ്ങളെ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ അപലപിച്ചു.