900 കിമീ സഞ്ചരിച്ചെത്തിയ ആരാധകനെ കാണാനാകാതെ രശ്മിക ; സ്‌നേഹം പങ്കുവെച്ച കുറിപ്പ് വൈറല്‍

തെലുങ്ക്, കന്നഡ സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെ ജനപ്രിയ നടിയായി ഉയര്‍ന്ന രശ്മിക മന്ദാനയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. തന്നെ കാണാനായി കര്‍ണാടകയിലെ വീട്ടില്‍ എത്തിയ ആരാധകനെ നിര്‍ഭാഗ്യവശാല്‍ കാണാനാകാതെ പോയതില്‍ വിഷമം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.

ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് രശ്മിക. ഈ കൊവിഡ് കാലത്ത് പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ 900 കിലോമീറ്ററോളം സഞ്ചരിച്ച് ഏറെ ബുദ്ധിമുട്ടിയാണ് ആരാധകനായ ത്രിപാദി തെലങ്കാനയില്‍ നിന്നും കര്‍ണാടകയിലെ നടിയുടെ വീട്ടില്‍ എത്തിയത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്താലും വഴിമധ്യേ പലരോടും അന്വേഷിച്ചുമായിരുന്നു യാത്ര. എന്നാല്‍ കുടകിലെ വീട്ടിലെത്തിയപ്പോള്‍ നടി അവിടെയില്ല. രശ്മിക പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്നു. താരത്തെ കാണാനാകാതെ മടങ്ങിയ ആരാധകന്റെ നിരാശയില്‍ വിഷമിച്ചാണ് രശ്മികയുടെ കുറിപ്പ്.

ഇത്തരം കടുംകൈകള്‍ ആരാധകര്‍ കാണിക്കരുതെന്നു കൂടി നടി കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌നേഹവും ആരാധനയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതാണ് ഉത്തമം. ഒരു ദിവസം ആരാധകനെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രശ്മിക ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രശ്മികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘ഗുഡ്‌ബൈ’യുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *