Flash News

റിയൽമി പാഡ്; ആദ്യ ടാബ്‌ലെറ്റ് 9ന് വിപണിയിലേക്ക്, പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

കഴിഞ്ഞ മാസമാണ് സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖരായ റിയൽമി തങ്ങളുടെ ആദ്യ ലാപ്ടോപ്പ്, റിയൽമി ബുക്ക്, ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു മാസത്തിന് ശേഷം തങ്ങളുടെ ആദ്യ ടാബും വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് റിയൽമി. ഈ മാസം 9ന് വിപണിയിലെത്തുന്ന ബ്രാൻഡിന്റെ ടാബ്‌ലെറ്റിന്റെ പേര്, റിയൽമി പാഡ് എന്നാണ്.

ഫ്ലിപ്കാർട്ട് ടീസർ പേജ് അനുസരിച്ച്, റിയൽമി പാഡിന് 2,000×1,200 റെസല്യൂഷനുള്ള 10.4 ഇഞ്ച് ഫുൾസ്ക്രീൻ WUXGA+ ഡിസ്പ്ലേയാണ്. 82.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും റിയൽമി പാഡിന്റെ ഡിസ്‌പ്ലേയ്ക്കുണ്ട്. 6.9 എംഎം വണ്ണമാണ് റിയൽമി പാഡിന്റെ മറ്റൊരു ആകർഷണം. ടാബ്‌ലെറ്റിന്റെ എല്ലാ വശങ്ങളിലും ബെസലുകൾ ക്രമീകരിച്ചിട്ടുണ്ട്. പിൻഭാഗത്ത് മുകളിൽ ഒരു വശത്തായാണ് കാമറ ക്രമീകരിച്ചിരിക്കുന്നത്. പാനലിന്റെ അതെ വലിപ്പത്തിൽ ക്യാമറയ്ക്ക് കീഴെയായി ഒരു ലൈൻ ക്രമീകരിച്ചിട്ടുണ്ട്.

അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങൾ നൽകുന്ന സൂചന ഗോൾഡ് ഫിനിഷിലാണ് റിയൽമി പാഡ് വിപണിയിലെത്തുക എന്നതാണ്. അതെ സമയം ടാബ്‌ലെറ്റ് ഗ്രേ ഫിനിഷിലും വിപണിയിലെത്തും എന്നാണ് വിവരം.ട്വിറ്ററിലൂടെ പുറത്ത് വന്ന ഒരു ടീസർ ചിത്രം അനുസരിച്ച് സ്പീക്കർ ഗ്രില്ലും യുഎസ്ബി പോർട്ടും റിയൽമി പാഡിന്റെ അടിഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും കീഴെ ക്രമീകരിച്ചിട്ടുണ്ട്.

8-മെഗാപിക്സൽ കാമറ സെൻസറാണ് റിയൽമി പാഡിന്റെ മുൻപിലും പുറകിലും ക്രമീകരിച്ചിരിക്കുന്നത്. ഇരു ക്യാമെറകൾക്കും 3,264×2,448 പിക്സൽ റെസല്യൂഷനും, എഫ് / 2.8 അപ്പെർച്ചർ, 2.8 എംഎം ഫോക്കൽ ലെങ്ത്ത്, 65.3 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ (FoV), ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയാണ് കാമറ സ്പെസിഫിക്കേഷൻ. യുഎസ്ബി ടൈപ്പ്-സി പോർട്ട്, അലൂമിനിയം യൂണിബോഡി കൺസ്ട്രക്ഷൻ എന്നിവയാണ് റിയൽമി പാഡിന്റെ മറ്റുള്ള വിശദാംശങ്ങൾ.

 

Comments: 0

Your email address will not be published. Required fields are marked with *