Flash News
മനു അങ്കിളിലെ ലോതറിനെ ഓർമ്മയുണ്ടോ?

മനു അങ്കിളിലെ ലോതറിനെ ഓർമ്മയുണ്ടോ?

കഴിഞ്ഞ ദിവസം ‘ഓപ്പറേഷന്‍ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടപ്പോൾ ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിനെ എല്ലാവരും ശ്രദ്ധിച്ചു.അദ്ദേഹത്തെ കണ്ടതുമുതൽ മലയാളികൾ എപ്പോഴോ കണ്ടു മറന്നൊരു മുഖം.1988 ല്‍ മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തില്‍ കുട്ടിപട്ടാളങ്ങളിലെ ലോതറായി എത്തിയ കുര്യന്‍ ചാക്കോ വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയുടെ ഭാഗമാവുകയാണ്. ഇപ്പോളിതാ ചിത്രത്തിൽ കുര്യന്‍ ചാക്കോ എത്തിയതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ‘സൗദി വെള്ളക്ക’ ടീം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളില്‍ ഒന്നിലും തരുണും ടീമും തൃപ്തരായില്ല. ആവനാഴികളിലെ അസ്ത്രങ്ങള്‍ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുണ്‍ ഒന്നിലും തൃപ്തനായിരുന്നില്ല. ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുണ്‍ കാണാന്‍ ഇടയായത്. ആ വീഡിയോയില്‍ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയില്‍ കണ്ട ആള്‍ ‘മനു അങ്കിള്‍ ‘ എന്ന സിനിമയില്‍ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്, മനു അങ്കിള്‍ റിലീസായി വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാന്‍ സംവിധായകന്‍ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ തരുണ്‍, നിര്‍മ്മാതാവ് സന്ദിപ് സേനന് മജിസ്ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണില്‍ മെസ്സേജ് അയച്ചു ആദ്യ കാഴ്ചയില്‍ തന്നെ ആവേശഭരിതനായ നിര്‍മ്മാതാവിനും കുര്യന്‍ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാന്‍ തിടുക്കമായി. പക്ഷേ കുര്യന്‍ ചാക്കോയുടെ കോണ്‍ടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവില്‍ ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യന്‍ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു.. കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യന്‍ ചാക്കോയുടെ മറുപടി. ‘അയ്യോാ.. ഞാന്‍ ഇല്ല… അതൊക്കെ അന്ന് ഡെന്നിസ് സര്‍ പറഞ്ഞത് പോലെ ചെയ്തത് ആണ്… അതില്‍ നിന്നൊക്കെ സിനിമ ഒരുപാട് മാറി… നിങ്ങള്‍ വേറെ അളിനെ നോക്കു എന്നാണ്..’ തരുണ്‍ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു… കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു… തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ സൗദി വെള്ളക്കയിലെ രസികനായ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോള്‍ കുര്യന്‍ ചാക്കോ പറഞ്ഞു നിര്‍ത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്. പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറില്‍ കുര്യന്‍ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്‌നേഹം വീണ്ടുമെത്തുമ്പോള്‍ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയില്‍ ഇനിയും കുര്യന്‍ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികള്‍ ഏറ്റു വാങ്ങുന്നതിനായി…

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *