‘പ്രിയപ്പെട്ട പെണ്ണുങ്ങളേ….’ ; ശ്രദ്ധേയമായി രമ്യയുടെ കുറിപ്പ്

സ്ത്രീധനവും അതിനെ തുടര്‍ന്നുള്ള പീഡനങ്ങളും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. വിദ്യാഭ്യാസത്തെക്കാൾ ഒരു പടി ഉയരെയാണ് വിവാഹം എന്ന ചിന്ത എടുത്തത് നിരവധി ജീവനുകളാണ്. കടം വാങ്ങി ആഡംബരം കാണിക്കാൻ നടത്തുന്ന വിവാ​ഹങ്ങളും എണ്ണി ചുട്ട അപ്പം പോലെ ചോദിക്കുന്നതൊക്കെ നൽകി പെണ്ണിനെ കൊടുക്കുന്ന രീതിയും ശക്തമായ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

രസകരമായ വസ്തുത എന്തെന്നാല്‍ ശക്തമാകുന്ന പ്രതിഷേധങ്ങൾക്ക് തന്നെ ഇപ്പോള്‍ രണ്ട് ചേരിയുണ്ട്. പൊന്നിട്ട പെണ്ണിനു പ്രതികരിക്കാൻ അർഹതയില്ലെന്ന് പറയുന്നവർക്ക് മുന്നിൽ യാഥാർഥ്യം തുറന്നു കാട്ടുന്ന മാധ്യമപ്രവർത്തകയായ രമ്യ ബിനോയിയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കുറിപ്പിലേക്ക് :

‘പ്രിയപ്പെട്ട പെണ്ണുങ്ങളേ…

വിവാഹ സമയത്ത് കുറച്ചു സ്വർണം (അത് അച്ഛനമ്മാർ സസന്തോഷം തന്നതോ സ്വയം ഉണ്ടാക്കി അണിഞ്ഞതോ ആവട്ടെ) അണിഞ്ഞതിന്റെ പേരിൽ പിന്നീട് ഉണ്ടാവുന്ന ഒരു സാമൂഹിക തിന്മകളിലും പ്രതികരിക്കാൻ നമുക്ക് അവകാശമില്ല എന്ന മട്ടിൽ പ്രതികരിച്ച ചില പുരുഷ സുഹൃത്തുക്കളെ കണ്ടു. അത് അവരുടെ സാമൂഹിക ബോധത്തിന്റെ അത്യുച്ചാവസ്ഥ എന്ന് കരുതി കൈയടിക്കാന്‍ വരട്ടെ.

നല്ലൊരു പങ്ക് പെണ്ണുങ്ങൾക്കും അന്ന് കിട്ടിയ പൊന്നും പണവും മാത്രമേ കുടുംബസ്വത്തിൽ നിന്ന് ആകെ കിട്ടിയിട്ടുണ്ടാകൂ. പിന്നീട് ഉള്ളതെല്ലാം ആൺമക്കൾക്ക് എന്നാണല്ലോ വയ്പ്. അതുകൊണ്ട്, ‘ഒന്നും വാങ്ങാതെ അങ്ങ് പൊക്കോളൂ’ എന്ന് പറയുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. മൂന്ന് സെന്റ് സ്ഥലം മാത്രം പൈതൃക സ്വത്ത് ലഭിച്ച ജ്യേഷ്ഠാനുജന്മാർ അത് വിറ്റു വീതം വെക്കുന്നത് കണ്ടിട്ടുണ്ട്. ആ നിലയ്ക്ക് നമ്മൾ പെണ്ണുങ്ങൾക്ക് ചെറിയൊരു ഓഹരി നൽകുന്നതിൽ എവിടെയാണ് അനീതി?

രക്ഷിതാക്കൾ ഇല്ലാത്ത കാശുണ്ടാക്കി കടമെടുത്ത് പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് തിന്മ തന്നെയാണ്. പക്ഷേ കേരളത്തിൽ നല്ലൊരു പങ്ക് കുടുംബങ്ങളിലും മക്കൾക്ക് വേണ്ടി നീക്കിയിരിപ്പുണ്ടാകും. അതിൽ ഒരു പങ്ക് മാത്രമേ മകൾക്ക് നൽകുന്നുള്ളൂ. അതുകൊണ്ട് പണ്ട് കുറച്ചു പൊന്നണിഞ്ഞു എന്നതോർത്ത് സ്വയം അവമതിക്കേണ്ട.

ഒറ്റ കാര്യം മാത്രമേ ഓർത്തു വയ്ക്കേണ്ടതുള്ളൂ…. (ഞങ്ങളുടെ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. പുതിയ കാലത്തെ പെൺകുട്ടികളോടാണ് പറയാനുള്ളത്.) നിങ്ങൾക്ക് കിട്ടുന്ന പൊന്നാകട്ടെ, പണമാകട്ടെ അത് നിങ്ങളുടെ കയ്യിൽ ഇരിക്കട്ടെ. വീട് വെക്കണമെങ്കിൽ, വാഹനം വാങ്ങണമെങ്കിൽ ഒക്കെ പുരുഷന്റെ കൈ നീളുന്നത് ആ പൊന്നിലേക്കും പണത്തിലേക്കുമാണ്. അങ്ങനെ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കകം നമ്മൾ പാപ്പരായി മാറും. ഞാൻ ജോലി ചെയ്തു തുടങ്ങിയിട്ട് 19 വർഷം കഴിഞ്ഞു. ഇത്രയും നാൾ കിട്ടിയ ശമ്പളവും എന്റെ സ്വർണവും എല്ലാ സമ്പാദ്യങ്ങളും ഈ വീട്ടിൽ ചിലവഴിച്ചു കഴിഞ്ഞു. പെൻഷൻ കാര്യമായി ഇല്ലാത്ത ജോലിയാണ്. റിട്ടയർമെന്റ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ‘സംപൂജ്യ’ ആയിരിക്കുമെന്ന് ഉറപ്പ്. ചേച്ചിമാരുടെയോ മക്കളുടെയോ ചിലവിൽ കഴിയേണ്ട വാർദ്ധക്യം എന്നെ നോക്കി ഇപ്പൊഴേ കണ്ണുരുട്ടുന്നുണ്ട്.

അതുകൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്. നിങ്ങളുടെ മാതാപിതാക്കൾ സന്തോഷത്തോടെ തരുന്നത് വാങ്ങൂ. അതൊരിക്കലും ഭർത്താവിന്റെ കുടുംബത്തിനുള്ള സ്ത്രീധനമല്ല. മറിച്ച് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള അടിത്തറയാകട്ടെ. സ്വർണം സ്വന്തം ലോക്കറിൽ സുരക്ഷിതമായി ഇരിക്കട്ടെ. പണം സ്വന്തം പേരിലുള്ള അക്കൗണ്ടിലും. വീടും വാഹനവുമൊക്കെ കയ്യിൽ പണം ഉണ്ടാകുമ്പോള്‍ രണ്ടു പേർക്കും ചേർന്ന് വാങ്ങാം. കുടുംബക്ഷേമം എന്നത് പെൺകുട്ടികളുടെ മാത്രം ചുമതലയല്ല.

കഴിഞ്ഞ ദിവസം ഒരു കോളേജിൽ ക്ലാസ് എടുത്തപ്പോൾ പെൺകുട്ടികൾ സങ്കടം പറഞ്ഞു. പതിനെട്ട് വയസ്സിൽ വിവാഹിതരാകുന്നവരാണ്. കിലോക്കണക്കിന് സ്വർണം അണിഞ്ഞവരാണ്. ഇപ്പോൾ പഠനം തുടരാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലത്രെ. എന്തിനാണ് നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ബലി കൊടുക്കുന്നത്. അവർ പഠിക്കട്ടെ. ജോലി നേടട്ടെ. അത് കഴിഞ്ഞു മാത്രം മതി വിവാഹം.

അവൾക്ക് കൊടുക്കാൻ കരുതിയ പണം മുഴുവനായി അപ്പോൾ അവളെ ഏൽപ്പിക്കരുത്. വിവാഹം ഒരു ഞാണിന്മേൽ കളിയായി മാറിയിരിക്കുന്നു. ഒത്താൽ ഒത്തു. അത്രേയുള്ളൂ. അതുകൊണ്ട് ബന്ധം ഒഴിയാൻ തോന്നിയാൽ അവൾക്ക് മടങ്ങി വരാൻ അന്നും ഒരു ഓഹരീ കാത്തിരിപ്പുണ്ടാകണം.’

Comments: 0

Your email address will not be published. Required fields are marked with *