റോയല്‍ എന്‍ഫീല്‍ഡിന്‍റെ വേട്ടക്കാരന്‍ ഇങ്ങ് എത്തി കേട്ടോ, ഇനി നായാട്ട് തുടങ്ങാം!!

വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ കാത്തിരിക്കുന്ന ഹണ്ടർ ഇങ്ങെത്തിക്കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് പുത്തൻ മോഡലായ ഹണ്ടർ ഇപ്പോൾ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നിർമ്മാണം പൂർത്തിയായ ഹണ്ടർ ബൈക്കി​ന്‍റെ ചിത്രങ്ങൾ പുറത്തുവന്നു​. ഒരു റെട്രോ മോഡേൺ റോഡ്സ്റ്റർ ബൈക്ക് ആയിരിക്കും ഹണ്ടർ എന്നാണ് നേരത്തെയുള്ള വിവരം. സ്‌പോർട്ടയായ ലുക്ക്, വലിപ്പം കൂടിയ സീറ്റ്, ആയാസരഹിതമായ സീറ്റിംഗ്‌ പൊസിഷൻ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാറുകൾ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാവും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒതുക്കമുള്ള ഹണ്ടർ നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്​ത വാഹനമാണ്​. ഓറഞ്ച് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഹാലൊജൻ ഹെഡ്‌ലാമ്പാണ്​ മുന്നിൽ. ടെയിൽ ലൈറ്റ് എൽഇഡി യൂണിറ്റാണ്​. ടേൺ ഇൻഡിക്കേറ്ററുകൾ ഹാലൊജെൻ ആയിരിക്കും. ഹെഡ്‌ലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലൈറ്റും വൃത്താകൃതിയിലാണെന്നതും പ്രത്യേകതയാണ്​.

അനലോഗ് സ്​പീഡോമീറ്ററും ചെറിയ ഡിജിറ്റൽ സ്ക്രീനും ഓഡോമീറ്ററും വാഹനത്തിലുണ്ട്​. സീറ്റ് സിംഗിൾ-പീസ് യൂനിറ്റാണ്. എഞ്ചിൻ മാറ്റ് ബ്ലാക്ക് നിറത്തിലാണ്​ പൂർത്തിയാക്കിയിട്ടുള്ളത്​. മീറ്റിയോറിൽ കണ്ട 350 സി.സി എഞ്ചിനാണിത്. എയർ- ഓയിൽ കൂൾഡ് യൂനിറ്റ്​ 20.2 എച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് ആണ്​ ഗിയർബോക്​സും മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകളും ചെറിയ മഡ്​ഗാർഡുകളും ഹണ്ടറിന്​ ആകർഷകമായി രൂപഭംഗി നൽകുന്നുണ്ട്​.

പുത്തൻ ഡിസൈനിലുള്ള ടെയിൽ ലാംപ്, വ്യത്യസ്തമായ എക്‌സ്ഹോസ്റ്റ് എന്നിവ റോയൽ എൻഫീൽഡ് ഹണ്ടറിൽ പ്രതീക്ഷിക്കാം. ട്രിപ്പർ നാവിഗേഷൻ അടക്കമുള്ള പുത്തൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആയിരിക്കും ഹണ്ടർ 350-യിൽ ഇടം പിടിക്കുക. പുതിയ തലമുറ ക്ലാസിക്​ 350ന്​​ പിന്നാലെ എത്തുന്ന ഹണ്ടറിന് രണ്ടുലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.

Comments: 0

Your email address will not be published. Required fields are marked with *