8000 അടി ഉയരം; ഇത് ഭൂമിയിലെ സ്വർഗ്ഗം; ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം പങ്കു വച്ച് സാനിയ

ലോക്ക്ഡൗൺ കാലം ആയതോടെ ഒഴിവ് സമയങ്ങൾ യാത്രകൾക്കായി മാറ്റി വയ്ക്കാറുണ്ട് താരങ്ങൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു യാത്രയുടെ വിശേങ്ങഷങ്ങൾ പങ്കു വയ്ക്കുകയാണ് യുവ നടി സാനിയ ഇയ്യപ്പൻ. സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച ചിത്രങ്ങളിലൂടെ നൈനിറ്റാളിന്റെ അവർണനീയമായ സൗന്ദര്യമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സാനിയ കുറിച്ചിരിക്കുന്നത്.

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാനിയ. നിരവധി യാത്രാചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പത്തൊൻപതാം പിറന്നാള്‍ ആഘോഷമാക്കിയത് മാലദ്വീപിന്റെ മനോഹാരിതയിലായിരുന്നു. അന്ന് കടലില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ചിരുന്നു.
8000 അടി ഉയരത്തിലേക്ക് ട്രെക്കിങ് നടത്തിയതിന്റെ വീഡിയോകളും സാനിയ പങ്കുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ നീണ്ട ട്രെക്കിങ്ങിന് ഒടുവിൽ മഞ്ഞുമലയുടെ നെറുകയിൽ എത്തിയ സാനിയയ്ക്ക് അഭിമുഖമായി സ്വർഗതുല്യമായ കാഴ്ചയാണ് പ്രകൃതി ഒരുക്കിയിരുന്നത്.

ലേക് ഡിസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന നൈനിറ്റാൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കുമയൂൺ ഹിമാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഈ മനോഹര കൊളോണിയൽ നഗരത്തിന് ചുറ്റും ഏഴു കുന്നുകളും മഞ്ഞുമൂടിയ കൊടുമുടികളും അതിർത്തി തീർക്കുന്നുണ്ട്. നൈന ദേവി ക്ഷേത്രത്തിന്റെ വീടായ ഈ സുന്ദരയിടം ബ്രിട്ടീഷ് കാലത്ത് യുണൈറ്റഡ് പ്രവിശ്യകളുടെ വേനൽക്കാല തലസ്ഥാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ പട്ടണത്തിന് ശക്തമായ കൊളോണിയൽ പൈതൃകമുണ്ട്.മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവാണ് നൈനിറ്റാൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എങ്കിലും വർഷം മുഴുവനും സൗന്ദര്യധാമമായി നിലകൊള്ളുന്ന ഈ മനോഹര സ്ഥലം എന്നും പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ ഇഷ്ടയിടമാണ്.

Comments: 0

Your email address will not be published. Required fields are marked with *