Flash News

ഞങ്ങളുടെ കണ്‍മുന്നില്‍ കൂടി അവൾ വഴുതി പോകുന്നതുപോലെയായിരുന്നു; ശരണ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ച് സീമ ജി നായർ

അടുത്തിടെയാണ് നടി ശരണ്യ ശശി അർബുദത്തിന് കീഴടങ്ങിയത്. ദീർഘ നാളുകൾ കാൻസറിനോട് ധീരമായ പോരാട്ടം നടത്തി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ശരണ്യയുടെ ഓർമകളിലാണ് ഇന്നും പ്രിയപ്പെട്ടവര്‍. ശരണ്യയെ മകളെപ്പോലെ നോക്കി എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന വ്യക്തിയായിരുന്നു നടി സീമ ജി നായർ. ശരണ്യ മരിച്ച് ഒരുമാസം ആവുമ്പോൾ അവളുടെ അവസാന നിമിഷങ്ങളെ കുറിച്ച് സീമ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. ചികിത്സയുടെ അവസാന ഘട്ടങ്ങളില്‍ ശരണ്യ ഒരുപാട് വേദന സഹിച്ചിരുന്നുവെന്ന് സീമ പറയുന്നു.

ശരണ്യയുടെ സഹോദരി രജിതയാണ് എന്നെ വിളിക്കുന്നത്. അവളുടെ അവസ്ഥ തീരെ മോശമാണെന്നും എത്രയും പെട്ടന്ന് തിരുവനന്തപുരത്ത് എത്തണമെന്നും പറഞ്ഞു. അരുതാത്ത ചിന്തകൾ എന്റെ മനസിൽ വന്നു തുടങ്ങി. പോകാനിറങ്ങുമ്പോൾ വണ്ടിയുടെ ഹോൺ പ്രവർത്തിക്കുന്നില്ല, അങ്ങനെ ഒട്ടേറെ പ്രതിബന്ധങ്ങൾ എന്റെ മുന്നിൽ വന്നു.അവളുടെ അവസ്ഥ വളരെ മോശമായിരുന്നു. കോവിഡ് വാര്‍ഡ് ആയതിനാൽ ആരെയും അവിടെ താമസിപ്പിച്ചിരുന്നില്ല. ഞാനും രജിതയും അവിടെയും ഇവിടെയുമൊക്കെയായി അവൾക്കൊപ്പം തന്നെ നിൽക്കുമായിരുന്നു. ഒൻപതാം തിയതി എന്നോട് രജിത പറഞ്ഞു, റൂമിൽ പോയി വിശ്രമിച്ചുവരാൻ. അവർ കുറേ നിർബന്ധിച്ചപ്പോൾ ഞാൻ പോകാനിറങ്ങി. കാറിൽ കയറാൻ തുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ നിന്നും ഫോൺ വരുന്നത്.

ഐസിയുവില്‍ ഞാനോടിയെത്തുമ്പോള്‍ എല്ലാം അവസാനിക്കുകയായിരുന്നു. ഏകദേശം 12.25 സമയമായിട്ടുണ്ട്. കുറച്ച് പ്രശ്നമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പതിനഞ്ച് മിനിറ്റ് നെഞ്ചിൽ അമർത്തിനോക്കി രക്ഷിക്കാനുള്ള അവസാനശ്രമം. 12.40ന് അവർ പറഞ്ഞു, ‘ശരണ്യ പോയി’. ആ നിമിഷങ്ങൾ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ഞങ്ങളുടെ കണ്‍മുന്നില്‍ കൂടി അവൾ വഴുതി പോകുന്നതുപോലെയായിരുന്നു. ഞാനും രജിതയുമാണ് റൂമിൽ ഉണ്ടായിരുന്നത്. മരണം സംഭവിച്ചതോടെ ആശുപത്രിയിൽ എല്ലാവരും അറിഞ്ഞു. അങ്ങനെ ആ വാർത്ത മാധ്യമങ്ങളിലുമെത്തി. എന്റെ മനസിലെ വിഷമം ഇതെങ്ങനെ അവളുടെ അമ്മയെ അറിയിക്കും എന്നതായിരുന്നു.

ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച ശരണ്യയുടെ അമ്മ ഗീതയുടെ അവസ്ഥയായിരുന്നു. ശരണ്യയുടെ ബന്ധുക്കൾ വീട്ടില്‍ ചെന്ന് അമ്മയെ ഇക്കാര്യം അറിയിക്കാമെന്ന തീരുമാനമെടുത്തു. പക്ഷേ മാധ്യമങ്ങളിലൂടെ അമ്മയ്ക്ക് അതറിയേണ്ടി വന്നു. പിന്നെ അവിടെ സംഭവിച്ചത് കണ്ണീര്‍ നിമിഷങ്ങളാണ്.ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി. അവൾക്കേറെ ഇഷ്മായിരുന്നു അങ്ങനെയുള്ള വസ്ത്രങ്ങൾ. അവളെ നല്ലതുപോലെ ഒരുക്കിയാണ് നഴ്സുമാർ ഞങ്ങൾക്കു തന്നത്.ശരണ്യയെയും കൊണ്ട് വീട്ടിൽ ചെന്നപ്പോഴും വല്ലാത്ത അവസ്ഥയായിരുന്നു. ഈ ഷോക്കിൽ നിന്നും ആ അമ്മ ഇതുവരെയും മുക്തയായിട്ടില്ലെന്നും സീമ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *