Flash News
കിടക്കയിലെ രസക്കൂട്ട് !

കിടക്കയിലെ രസക്കൂട്ട് !

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താൽപര്യമില്ലായ്മ, രതിമൂർച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകൾ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാൽ, കിടപ്പറയിൽ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങൾ മറച്ചുവച്ച് അല്ലെങ്കിൽ തിരിച്ചറിയാനാവാതെ കിടക്കുമ്പോൾ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയിൽ ലൈംഗികപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു.

വേദനാപൂർണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകൾ കടന്നുപോയിട്ടുണ്ടാവും. എന്നാൽ, ഈ വേദനാനുഭവം തുടരുകയാണെങ്കിൽ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താൽപര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലർത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയിൽ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാൾ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാർഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങൾ, ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങൾ, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തിൽ വേദനാപൂർണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകർച്ചയ്ക്കു പിന്നിലെ വില്ലൻ പലപ്പോഴും യോനീമുറുക്കമാണ്.

സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോൾ യോനീകവാടം വികസിക്കും. എന്നാൽ, സംഭോഗവേളയിൽ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നിൽ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയിൽ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങൾക്കു വിധേയരായ സ്ത്രീകളിൽ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോൾ കന്യാചർമം മുറിയുന്നതിനെത്തുടർന്നുള്ള വേദനയും രക്തവാർച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളിൽ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വേഗത്തിൽ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കിൽ വിവാഹജീവിതം ദുരിതത്തിൽ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.

സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാൻ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കണം. പിന്നീട് കൂടുതൽ രതിസുഖങ്ങൾ കണ്ടെത്താനുള്ള മാർഗങ്ങൾ ദമ്പതികൾ മനസിലാക്കണം. സൈക്കോസെക്ഷ്വൽ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.

മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചർമം മുറിയുന്നതിനാൽ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകൾക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നൽകുന്ന ലൂബ്രിക്കേഷനുകൾ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

യോനീമുഖത്തും ഗർഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകൾ, ലൂബ്രിക്കേഷൻ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്ന ബർത്തോളിൻ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകൾ, യോനിക്ക് അടുത്തുള്ള പ്രത്യുൽപാദന അവയവങ്ങൾക്ക് ഉണ്ടാകുന്ന അണുബാധയായ പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകൾ, ചിലതരം ഗർഭാശയമുഴകൾ, എൻഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വർധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചർമഭാഗങ്ങൾ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങൾ, ലൈംഗികരോഗങ്ങൾ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.

ഗർഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചർമം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകൾ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളിൽ ചെയ്യുന്ന ശസ്ത്രക്രിയകൾ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷൻമാരിലെ ചില ലൈംഗികപ്രശ്‌നങ്ങൾ മൂലവും സ്ത്രീകൾക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാൾ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചർമം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കിൽ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചർമം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.

ദമ്പതികൾ തമ്മിൽ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലിൽ ഇത് പ്രാധാന്യ മർഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മർദവു മൊക്കെ മനസിലാക്കി ഭർത്താവ് ഇടപെട്ടാൽ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങൾ. സംഭോഗവേളകൾ തുടർച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കിൽ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാൻ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയിൽ യോനീകവാടത്തിൽ ഈർപ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷൻ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കിൽ വേദനാജനകമായിരിക്കും. അതിനാൽ, രതികേളികളിൽ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകൾ പ്രാധാന്യമർഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണർത്തി സംഭോഗത്തിലെത്താൻ. ചില സ്ത്രീകൾ വേഗത്തിൽ ഉത്തേജിതരാകുമ്പോൾ മറ്റു ചിലർക്ക് ഉത്തേജനാവസ്ഥയിലെത്താൻ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടൽ.
സ്ത്രീകൾക്കുണ്ടാകുന്ന സമ്മർദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തിൽ വേദനാപൂർണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കിൽ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.

ആർത്തവവിരാമം യോനിയിൽ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആർത്തവവിരാമത്തെത്തുടർന്ന് സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈർപ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷൻ ജെല്ലുകൾ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആർത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളിൽ പലർക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവർക്കുണ്ടാവും. എന്നാൽ, ജീവിതത്തിൽ സമ്മർദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളിൽ പലർക്കും ഈ നാളുകൾ. അതിനാൽ, കാർമേഘങ്ങളൊഴിഞ്ഞ ഈ നാളുകളിൽ ടെൻഷനില്ലാതെ യുവത്വത്തേക്കാൾ ഏറെ ആസ്വാദ്യപൂർണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂർണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തിൽ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകൾ, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകർഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയിൽ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടർന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയിൽ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപൾസീവ് ഡിസോഡർ എന്ന മാനസികരോഗമുള്ളവർക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവർക്ക് സെക്‌സ് ശരിയായി ആസ്വദിക്കാൻ കഴിയാറില്ല.

ജീവിതശൈലീരോഗങ്ങൾ മുതൽ ഹോർമോൺ തകരാറുകൾ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിൻ ട്യൂമറുകൾ, പ്രൊലാക്റ്റിനോമസ്, ചില കാൻസറുകൾ, ട്യൂമറുകൾ, ഗർഭാശയരോഗങ്ങൾ, പൊണ്ണത്തടി, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയിൽ നിന്നു വിട്ടുനിൽക്കാനുള്ള പ്രവണത സ്ത്രീകളിൽ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോർമോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആർത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവിൽ കുറവു വരുന്നതുമൂലം ഹോർമോൺ നിലയിൽ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോൺ ഹോർമോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.

മാറിയ സാഹചര്യത്തിൽ ജീവിതശൈലീരോഗങ്ങൾക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാൽപര്യത്തെ കുറയ്ക്കുന്നു.

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂർച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയിൽ അവസാനിക്കുന്നതാണ് രതിമൂർച്ഛയിലെത്താൻ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയിൽ തൃപ്തി കണ്ടെത്തിയ പുരുഷൻ പങ്കാളി ലൈംഗിക ഉച്ചസ്ഥായിൽ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *