‘സഹികെട്ട് അവള്‍ പ്രണയം വേണ്ടെന്നു വെച്ചു, ഇപ്പോള്‍ അവന്‍ വെറിപൂണ്ട് നില്‍ക്കുന്നു’ ; റാണി നൗഷാദിന്റെ കുറിപ്പ് വൈറല്‍

ഒന്ന് അനങ്ങാന്‍ പോലും സ്വാത്രന്ത്യമില്ലാതെ വീര്‍പ്പുമുട്ടിക്കുന്ന പ്രണയങ്ങള്‍ പകയില്‍ ഒടുങ്ങുന്നത് കേരളക്കരയില്‍ ഒരു സ്ഥിരസംഭവമായി മാറുകയാണ്. മനസ്സ് മടുത്തും നിവര്‍ത്തി ഇല്ലാതെയും പിന്തിരിയുമ്പോള്‍ കത്തിമുനയിലോ, ആസിഡിലോ, വെടിയുണ്ടയിലോ അവസാനിക്കുന്ന ജന്മങ്ങള്‍ പതിവാകുന്ന ഈ കാലത്ത് റാണി നൗഷാദിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

റാണി കുറിപ്പിലൂടെ സമ്മര്‍ദ്ദങ്ങളുടെയും, മനോവേദനയുടെയും കൊടുമുടികള്‍ കയറുന്ന പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ നേരിടുന്ന സാഹചര്യങ്ങളിലൂടെ പദയാത്ര നടത്തുകയാണ്. കുറിപ്പ് പ്രണയത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ബന്ധനസ്ഥയായതും, തുടര്‍ന്ന് അവള്‍ അനുഭവിച്ച മാനസിക വിഷമങ്ങളും വിവരിക്കുന്നു.

റാണി നൗഷാദിന്റെ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ് :

“ഇന്ന് എനിക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. സ്വന്തം മകനെ കുറിച്ച് ആ അമ്മയ്ക്കുള്ള അങ്കലാപ്പ് മുഴുവന്‍ ആ കോളില്‍ ഉണ്ടായിരുന്നു. അവരുടെ മകന്‍ അവന്റെ സഹപാഠിയുമായി എട്ടാം ക്ലാസ് മുതല്‍ ഇഷ്ടത്തിലാണ്. വീട്ടില്‍ അറിഞ്ഞപ്പോള്‍ രണ്ട് കുടുംബങ്ങളിലും പ്രശ്നമായി. ഇരുകൂട്ടരെയും വീട്ടുകാര്‍ വിലക്കിയെങ്കിലും കുട്ടികള്‍ രഹസ്യമായി തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, നീണ്ട ആറ് വര്‍ഷങ്ങളിലേക്ക്..

പക്ഷെ, ഇപ്പോള്‍ പെണ്‍കുട്ടിക്ക് ഒരു മാറ്റം. ആ മാറ്റത്തെ പയ്യന് തീരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുമില്ല. അവന്‍ സ്വന്തം വീട്ടില്‍ നിന്നും ഇളയച്ഛന്റെ വീട്ടിലേക്ക് താമസം മാറുകയും, നന്നായി പഠിച്ചുകൊണ്ടിരുന്ന അവന്‍ പഠനത്തില്‍ ശ്രദ്ധിക്കാത്ത അവസ്ഥയില്‍ എത്തുകയും ചെയ്തു. മകന്‍ എന്തെങ്കിലും ആപത്ത് വരുത്തിവെക്കും എന്ന ഭയത്തിലാണ് അവര്‍ എന്നെ വിളിച്ചത്.

ഞാന്‍ അവന്റെ കൈയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയത്. ഇപ്പോഴത്തെ അവന്റെ അവസ്ഥ ഞാന്‍ ആ മോളോട് പറഞ്ഞു. അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്താന്‍ തോന്നിയില്ല. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി അവനുവേണ്ടി ജീവിച്ചവള്‍… അവനോടുള്ള ഇഷ്ടം മാത്രം മുന്‍നിര്‍ത്തി അവള്‍ അവനോട് ആറ് വര്‍ഷവും മിണ്ടിക്കൊണ്ടേ ഇരുന്നു. അവന്‍ പല തവണ ബ്രേക്കപ്പ് ആയി. പിന്നെയും തിരിച്ചുവന്നു. എപ്പോഴെങ്കിലും ഫോണ്‍ വിളിക്കേണ്ടത് അവളുടെ മാത്രം കടമയായി. അവന്റെ ബര്‍ത്ത്ഡേകള്‍ അവള്‍ ഓര്‍ത്തുവെച്ച് വിഷ് ചെയ്തു. സമ്മാനങ്ങള്‍ കൊടുത്തു. അവന്റെ ഒരു കോളിനുവേണ്ടി അവള്‍ രാത്രി രണ്ട് മണിക്കും, മൂന്ന് മണിക്കും ഉണര്‍ന്നിരുന്നു. ഡിപ്രഷന്റെ നിമ്നോന്നതികള്‍ അവള്‍ കണ്ടു. പലപ്പോഴും അവനുവേണ്ടി കരഞ്ഞു തീര്‍ത്ത നേരങ്ങളില്‍ ‘ഇപ്പോള്‍ നിന്റെ മൂഡ് ശരിയല്ല. ഞാന്‍ പിന്നെ വിളിക്കാം.’ എന്നു പറഞ്ഞ് അവന്‍ തിരിഞ്ഞു നടന്നു. അവന്റെ കുടുംബത്തിലെ പ്രശ്നങ്ങള്‍ പലപ്പോഴും അവന്റെ ചിന്തകളെ താളം തെറ്റിച്ചപ്പോള്‍ അവള്‍ അവന്റെ ഒപ്പം താങ്ങായി നിന്നു. എന്നും നല്ല കൂട്ടുകാരിയായി തന്നെ അവന്റെ ഒപ്പം അവള്‍ ഉണ്ട് എന്നത് അവനോടൊപ്പം അവള്‍ ഉണ്ടായിരുന്ന കാലത്ത് അവന്‍ അറിഞ്ഞിരുന്നില്ല.”

കുറിപ്പ് വായിക്കാം : https://m.facebook.com/story.php?story_fbid=4207083139374683&id=100002191164370&sfnsn=wiwspwa

Comments: 0

Your email address will not be published. Required fields are marked with *