‘ക്യാപ്റ്റനെ സന്ദർശിച്ചു‘, മമ്മൂട്ടിക്കൊപ്പമുള്ള ‘ഫാൻ മൊമന്റ്‘ പങ്കുവച്ച് ശോഭന

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ശോഭന. സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ‘ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ മൊമന്റ്’, എന്ന അടിക്കുറിപ്പോട് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ താരം ചിത്രം പങ്കുവച്ചത്.

മമ്മൂട്ടി-ശോഭന ആരാധകരെക്കൊണ്ട് നിറയുകയാണ് കമന്റ് ബോക്സ്. ഇഷ്ടതാരങ്ങളെ ഒന്നിച്ച് കണ്ട ആരാധകർ ഓർത്തെടുക്കുന്നത് ‘മഴയെത്തും മുൻപേ’ എന്ന സിനിമയും അതിലെ ‘എന്തിന് വേറൊരു സുര്യോദയം…’ എന്ന ഹിറ്റ് ​ഗാനവുമാണ്. 21 വർഷം മുമ്പ് റിലീസ് ചെയ്ത വല്യേട്ടൻ ആണ് മമ്മൂട്ടി-ശോഭന കൂട്ടുകെട്ടിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ5 കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എൻ സ്വാമിയാണ് തിരക്കഥ. സ്വർഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ ജഗതിയും ഭാഗമാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാ​ഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *