സിൽക്ക് സ്മിത എന്ന ജീവിതം!
ആന്ധ്രയിലെ എല്ലൂർ എന്ന കുഗ്രാമത്തിൽ ജനിച്ച് വളർച്ചയുടെ ഉന്നതികളിലേക്ക് വിടർന്ന് പറന്ന് ഒടുവിൽ ആരോടും ഒന്നും പറയാതെ, ഒന്നും അവശേഷിക്കാതെ എരിഞ്ഞുതീർന്ന സിൽക്ക് സ്മിതയുടെ ജീവിതം ഇന്നും നിഗൂഢമായ ഒരു അധ്യായമായി നമുക്ക് മുന്നിൽ നിൽക്കുന്നു. ആരായിരുന്നു തെന്നിന്ത്യൻ ആരാധകരെ ലഹരിയുടെ ചൂട് പിടിപ്പിച്ച വശ്യ സുന്ദരി. സിൽക്കിന്റെ കണ്ണുകളിൽ കത്തി ജ്വലിക്കുന്ന തീഷ്ണത പിന്നീട് മറ്റാരിലും കാണാൻ കഴിഞ്ഞിട്ടില്ല.ഒന്നുമില്ലായ്മയിൽ നിന്ന് ഉയർച്ചയുടെ ഓരോ പടി കയറി പിന്നീട് സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ സിൽക്ക് സ്മിതയ്ക്ക് പിന്നീടൊരു പകരക്കാരി വന്നിട്ടില്ല.
പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴും ചതി മണക്കുന്നുണ്ടായിരുന്നു സിൽക്കിന്റെ ജീവിതത്തിൽ. എല്ലാത്തിൽ നിന്ന് രക്ഷപ്പെടാൻ 1996 സെപ്തംബര്‍ 24 ന് രാത്രി ദക്ഷിണേന്ത്യയുടെ ചലച്ചിത്ര നഗരം എന്നറിയപ്പെടുന്ന ചെന്നെയിലെ കോടാമ്പക്കത്തെ ഒരു ഫ്ലാറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുത്തി സാരിയിൽ കെട്ടിത്തൂങ്ങി മരിച്ചു. അവരെ സ്നേഹിക്കുന്ന ഒരുകൂട്ടം ആരാധകർക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ഈ വാർത്ത ഞെട്ടൽ ഉളവാക്കിയത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി ഭാഷാഭേദമന്യേ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ 450ലധികം സിനിമകളിൽ വിസ്മയം തീർത്ത സിൽക്കിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒരു പ്രമുഖരും എത്തിയില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം. അവരോടൊപ്പം വെള്ളിത്തിരയില്‍ വേഷമിട്ട താരങ്ങള്‍, അവര്‍ക്ക് വേണ്ടി വരിനിന്ന നിര്‍മാതാക്കള്‍, തിയ്യേറ്ററുകളില്‍ ഹര്‍ഷാരവം മുഴക്കിയ ആരാധകര്‍, ആരും തന്നെഎന്തായിരിക്കും ആ ജീവനറ്റ ശരീരത്തെ കാണാൻ എത്താതിരുന്നത് ? ഇന്നും നിഗുഢമായി നിൽക്കുന്ന ചോദ്യം.
സിൽക്കിന്റെ ജീവിത കഥ
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂരിനു സമീപത്തുള്ള കൊവ്വാലിയിലെ ഒരു കുഗ്രാമത്തില്‍ രാമല്ലുവിന്റെയും സരസമ്മയുടെയും മകളായാണ് വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിത ജനിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലം. ചെറുപ്പത്തില്‍ തന്നെ അച്ഛന് ഉപേക്ഷിച്ച് പോയി. പട്ടിണി കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു.നന്നായി പഠിക്കുമെങ്കിലും കടുത്ത ദാരിദ്ര്യം മൂലം നാലാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ സിൽക്കിന്റെ കാലത്ത് ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നത് അവരായിരുന്നത്രെ.13ാമത്തെ വയസിൽ വിവാഹം ചെയ്യേണ്ടിവന്ന സിൽക്ക് പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.എന്നാൽ പിന്നീടുള്ള ജീവിതം വേദന നിറഞ്ഞതിരുന്നെങ്കിലും സിനിമയിലേക്ക് വഴിതെളിയിച്ചത് അപ്പോഴായിരുന്നു.
വിജയലക്ഷ്മിയുടെ അയല്‍ക്കാരിയും സിനിമാ പ്രേമിയുമായിരുന്ന അന്നപൂര്ണിമയിലൂടെയാണ് ഒരിക്കല്‍ പോലും സിനിമ കാണാന്‍ അവസരം ലഭിച്ചിരുന്നില്ലാത്ത വിജയലക്ഷ്മി സിനിമാലേകത്തെക്കുറിച്ച് അറിയുന്നത്. അന്നപൂര്‍ണിമ പറഞ്ഞുകേട്ട കഥകളിലൂടെ വിജയലക്ഷ്മി സിനിമയെന്ന സ്വപ്നം ഉള്ളില്‍ കൊണ്ടു നടന്നു.ജീവിത പ്രാരാബ്ധങ്ങളോട് പോരാടാനായി നാട് വിടാന്‍ തീരുമാനിച്ച വിജയലക്ഷ്മി കോടാമ്പക്കത്തേക്ക് വണ്ടി കയറി. സിനിമാ രംഗത്ത് ജോലി ചെയ്തിരുന്ന മുത്തുലക്ഷ്മി എന്ന അകന്ന ബന്ധുവിനെ പോയി കണ്ട് ഒരു ജോലിയന്വേഷിച്ചു. അപര്‍ണ എന്ന അന്നത്തെ ഒരു സിനിമാതാരത്തിന്റെ വീട്ടിലെ ജോലിക്കാരിയായി വിജയലക്ഷ്മി മാറി.
വിജയലക്ഷ്മിയിലെ കഴിവുകളെ തിരിച്ചറിഞ്ഞ അപര്‍ണ അവരെ തന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയി നിയോഗിച്ചു.സിനിമാ സെറ്റുകളിലേക്കുള്ള തന്റെ യാത്രകളെ സ്വപ്നസാഫല്യമായി കണ്ടു. ആയിടക്കാണ് മലയാളിയായ ആന്റണി ഈസ്റ്റ്മാന് എന്ന സംവിധായകന് തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നതിനിടയില്‍ അപര്‍ണയുടെ ടച്ച് അപ്പ് ഗേളായിരുന്ന വിജയലക്ഷ്മിയെ കാണുന്നത്. അങ്ങനെ ‘ഇണയെത്തേടി’ എന്ന ചിത്രത്തില്‍ വിജയലക്ഷ്മി നായികയായി. ചിത്രത്തിന് വേണ്ടി പേര് മാറ്റി സ്മിതയായി മാറി. അന്ന് വെറും 19 വയസ്സുള്ള സ്മിതയെ ആന്റണി ഈസ്റ്റ്മാന് വിശേഷിപ്പിച്ചത് കാന്തശക്തിയുള്ള കണ്ണുകളുള്ള പെണ്‍കുട്ടി എന്നായിരുന്നു.രണ്ടാമത്തെ സിനിമയായ ‘വണ്ടിചക്ര’മാണ് സ്മിതയുടെ ജീവതത്തില്‍ വഴിത്തിരിവായത്. സൂപ്പര്‍ ഹിറ്റായ ആ സിനിമയിലെ സില്‍ക്ക് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.അതോടെയാണ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് സിൽക്ക് സ്മിത എന്ന പേര് വന്നത്.
തെന്നിന്ത്യന്‍ സിനിമയ്ക്ക് അതുവരെ പരിചിതമായിരുന്ന സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളുടെ മറ്റൊരു രൂപമായിരുന്നു സില്‍ക്ക്. എണ്‍പതുകളില്‍ വാണിജ്യ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്ന ഐറ്റം ഡാന്‍സുകളിലൂടെ സില്‍ക്ക് പ്രേക്ഷകരെ ഹരമായി മാറി. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന ഒരേയൊരു അഭിനേത്രി. എണ്‍പതുകളുടെ തെന്നിന്ത്യന്‍ യുവത്വം സില്‍ക്ക് സ്മിതയെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ പരസ്യമായി ലേലം വെച്ച സംഭവം പോലുമുണ്ടായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് വരെ നടത്തേണ്ടി വന്നു.എന്തിനായിരുന്നു തെന്നിന്ത്യയെ ഇളക്കി മറിച്ച ആ മാദക സുന്ദരി ആത്മഹത്യ ചെയ്തുവെന്ന കാര്യത്തിൽ ഇപ്പോഴും നിഗൂഢമായി മറഞ്ഞു നിൽക്കുന്ന സത്യങ്ങൾ എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്നും അവരെ സ്നേഹിക്കുന്ന ആരാധകർ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom