Flash News

സ്മാർട്ട് ഫോൺ ഇൻഷുർ ചെയ്യുന്നത് ​ഗുണകരമോ..? അറിയാം

നിത്യജീവിതത്തിൽ ഇന്ന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് സ്മാർട്ട് ഫോണുകൾ. കുട്ടികളുടെ പഠനം,കറന്റ് ബില്ല്, വാട്ടർ ബില്ല് , പണം അയക്കൽ, സിനിമ, തുടങ്ങി എന്തിനും ഏതിനും ഫോണാണ് ഇപ്പോൾ ആശ്രയം. അതുകൊണ്ടുതന്നെ, ഇതിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്.അയ്യായിരം രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വരെയുണ്ട്. എന്നാൽ പുതുതായി വാങ്ങുന്ന ഫോൺ ഇൻഷുർ ചെയ്യുന്ന എത്രപേരുണ്ട്..? ഓ ഇതിനൊന്നും പണം മുടക്കേണ്ട എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ..? എന്നാൽ ഇത് നിങ്ങൾ ഒന്ന് വായിക്കൂ

റിസ്‌കുകള്‍ ഇങ്ങനെ…

അപകടങ്ങള്‍, അബദ്ധത്തില്‍ താഴെവീണ് സ്‌ക്രീന്‍ പൊട്ടുക, കളവു പോവുക, തീപിടിത്തം, അടിച്ചുതകര്‍ക്കല്‍, വെള്ളം കയറുക എന്നിവയെല്ലാം മൊബൈൽ ഫോണിന് പൊതുവേ സംഭവിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ നാം സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ടാബ്ലെറ്റുകളും യഥാവിധി ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ റിസ്‌കുകളില്‍ നിന്നുള്ള നഷ്ടം ഒരു പരിധിവരെ നികത്താന്‍ കഴിയുന്നതാണ്. ഫോൺ താഴെവീണ് പൊട്ടി. നന്നാക്കാനുള്ള തുകയോർത്ത് പുതിയ ഫോൺ വാങ്ങുന്നതാണ് പതിവെങ്കിൽ നിങ്ങൾ ഫോൺ ഇൻഷുർ ചെയ്താൽ ഇത്തരം ധനനഷ്ടം കുറയ്ക്കാം.

ഇന്‍ഷുര്‍ ചെയ്യുന്ന വിധം

നാട്ടില്‍ ഉടനീളമുള്ള മൊബൈല്‍ ഷോറൂമുകള്‍ വഴിയാണ് ഭൂരിഭാഗം പേരും മൊബൈല്‍ ഫോണുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത്. ഇതുകൂടാതെ, വീട് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ചില കമ്പനികള്‍ അതില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ഫോണ്‍ ഇന്‍ഷുര്‍ ചെയ്ത് വരുന്നുണ്ട്. ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ഫോണ്‍ വാങ്ങുന്ന ആളിന്റെ വിവരങ്ങളും ഫോണിന്റെ വിശദവിവരങ്ങളും വിലയും നല്‍കിയാല്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്.
സ്വകാര്യമേഖലയിലുള്ള ‘ഗോ ഡിജിറ്റ്’ എന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്ന് ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെ പോലെ മൊബൈല്‍ ഫോണ്‍ ക്ലെയിം ചെയ്യുമ്പോഴും ‘ഡിപ്രീസിയേഷന്‍’ (തേയ്മാനം) കണക്കാക്കുന്നതാണ്. ചില കമ്പനികള്‍ പ്രതിമാസം അഞ്ചു ശതമാനം ഡിപ്രീസിയേഷനാണ് കണക്കാകുന്നത്. എന്നാല്‍, ചില കമ്പനികളില്‍ ആദ്യത്തെ മൂന്നു മാസം 10 ശതമാനവും ആറു മാസത്തേക്ക് 25 ശതമാനവും ആറു മാസത്തിന് മുകളില്‍ 50 ശതമാനവും കഴിച്ചുള്ള തുക മാത്രമേ ക്ലെയിം നല്‍ക്കാറുള്ളു.

ക്ലെയിമുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പോളിസി വ്യവസ്ഥകള്‍ മനസിലാക്കിവേണം ഇന്‍ഷുര്‍ ചെയ്യാന്‍. ചെറിയ തുകകള്‍, പോളിസിയുടെ പരിധിയില്‍ പെടാത്ത മറ്റ് നിബന്ധനകള്‍ എന്നിവ കൃത്യമായും ഉപഭോക്താവ് മനസ്സിലാക്കിയിരിക്കണം. ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലയിലെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊബൈല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ താരതമ്യം ചെയ്യുകയും അതില്‍ ഏറ്റവും മികച്ച പോളിസികള്‍ തിരഞ്ഞെടുത്ത് ഇന്‍ഷുര്‍ ചെയ്യുന്നതുമായിരിക്കും ഉചിതം.

Comments: 0

Your email address will not be published. Required fields are marked with *