പ്രശസ്തമായ ചില ചൂതാട്ടകേന്ദ്രങ്ങൾ..!!
ചൂതാട്ടം ഒരു കുറ്റമായി കാണുന്ന നാടാണ് നമ്മുടേത് . ഓൺലൈൻ ചൂതാട്ടത്തിൽ പെട്ട് ജീവൻ നഷ്ടമാക്കിയവരും സമ്പാദ്യം നഷ്ടമായവരും കാണും. എന്നാൽ ഇപ്പോളും ഓൺലൈൻ ഗെയിം എന്ന പേരിൽ നടക്കുന്നത് പലതും ചൂതാട്ടങ്ങൾ തന്നെ ആണ്. ലോകത്തെ പല രാജ്യങ്ങളിലും വിനോദസഞ്ചാരവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന വ്യവസായമാണ് ചൂതാട്ടം. മാത്രമല്ല, പലപ്പോഴും ഇത്തരം രാജ്യങ്ങളുടെ സംസ്കാരവുമായും അവ ഇഴചേർന്നു കിടക്കുന്നു. സ്വദേശികളും വിദേശികളുമായ സഞ്ചാരികളിൽനിന്നു വലിയ വരുമാനമാണ് ഇത്തരം ചൂതാട്ടകേന്ദ്രങ്ങൾ നേടിക്കൊടുക്കുന്നത്. വിവിധ രാജ്യങ്ങളിലെ ലോകപ്രശസ്തമായ ചില ചൂതാട്ട കേന്ദ്രങ്ങളെ പരിചയപ്പെടാം.
1. ബെല്ലാജിയോ, ലാസ് വേഗസ്, യുഎസ്എ
ലാസ് വേഗസ് എന്നു കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യത്തെ വാക്കാണ് ചൂതാട്ടം. ലോകപ്രശസ്ത കാസിനോ വിദഗ്ധൻ സ്റ്റീവ് വിൻ രൂപകൽപ്പന ചെയ്ത് 88 ദശലക്ഷം ഡോളർ ചെലവിൽ നിർമിച്ച ബെല്ലാജിയോ, ലാസ് വേഗസിലെ ഏറ്റവും പ്രശസ്തമായ കാസിനോകളിൽ ഒന്നാണ്. ടോപ് എൻഡ് പോക്കർ ഗെയിമുകളാണ് ബെല്ലാജിയോയുടെ ഏറ്റവും വലിയ പ്രത്യേകത.
വേൾഡ് പോക്കർ ടൂർ ഇവന്റുകൾക്ക് പതിവായി ആതിഥേയത്വം വഹിക്കുന്ന ബെല്ലാജിയോയിൽ 20 ലക്ഷം ഡോളർ വരെ ജാക്ക്പോട്ടുകൾ നൽകുന്ന 2000 സ്ലോട്ട് മെഷീനുകൾ ഉണ്ട്. അകം മാത്രമല്ല, ഇതിൻറെ പുറംഭാഗവും മനോഹരമാണ്. എട്ട് ഏക്കർ തടാകവും എക്സ്ക്ലൂസീവ് ഫാഷൻ സ്റ്റോറുകളും ലോകപ്രശസ്ത ഡാൻസിങ് ഫൗണ്ടനുകളും ഇവിടെയുണ്ട്.
2. വെനീഷ്യൻ മക്കാവോ, ചൈന
വേഗാസിലെ വെനീഷ്യൻ സമുച്ചയത്തിൻറെ മാതൃകയിൽ നിർമ്മിച്ചതാണ് ചൈനയിലെ ദ് വെനീഷ്യൻ മക്കാവോ. എന്നിരുന്നാലും സ്വന്തം സ്ഥാനം കണ്ടെടുക്കാനും ആഗോള ചൂതാട്ട മേഖലയിലെ ഭീമൻമാരായി മാറാനും അതിന് അധിക കാലം വേണ്ടിവന്നില്ല. 530,000 ചതുരശ്ര അടി വിസ്തീർണത്തിൽ, 800 ഗെയിമിങ് ടേബിളുകളും 3400 സ്ലോട്ട് മെഷീനുകളും ഉള്ള മക്കാവോ, ലോകത്തെ ഏറ്റവും വലിയ കാസിനോയാണ്. ഗെയിമിങ്ങിനായി നാല് തീംഡ് ഏരിയകൾ ഇവിടെയുണ്ട്. റിസോർട്ടിന് സ്വന്തമായി കനാൽ സംവിധാനം വരെയുണ്ട്! സാൻ ലൂക്ക എന്നു പേരായ ഈ കനാലിലൂടെ അതിഥികൾക്ക് സവാരി നടത്താം.
3. മോണ്ടെ കാർലോ കാസിനോ, മോണ്ടെ കാർലോ, മൊണാക്കോ
വൈവിധ്യമാർന്ന ഗെയിമുകളാണ് മോണ്ടെ കാർലോ കാസിനോയുടെ മുഖമുദ്ര. ചെമിൻ ഡി ഫെർ, ട്രെന്റെ ആൻഡ് ക്വാറന്റേ എന്നിവയും പോക്കർ, റൗലറ്റ്, ബ്ലാക്ക് ജാക്ക് എന്നിവയുമെല്ലാം ഇവിടെയുണ്ട്.
4. കാസിനോ ബാഡൻ- ബാഡൻ, ജർമനി
ജർമനിയിലെ മനോഹരമായ സ്പാ പട്ടണമായ ബാഡൻ- ബാഡൻ, 150 വർഷങ്ങൾക്ക് മുമ്പ് സമ്പന്നരായ യൂറോപ്യന്മാരുടെ കളിസ്ഥലമായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തി. ഇപ്പോഴും പട്ടണത്തിൻറെ രാജകീയപ്രൗഢിക്ക് ഒട്ടും കുറവ് വന്നിട്ടില്ല. നഗരത്തിൻറെ പേരു തന്നെയുള്ള ബാഡൻ- ബാഡൻ കാസിനോയിലേക്ക് ഇന്നും സെലിബ്രിറ്റികൾ അടക്കമുള്ള സമ്പന്നർ ഒഴുകിയെത്തുന്നു.
5. മറീന ബേ സാൻഡ്സ്, സിംഗപ്പൂർ
ഒരു ഷോപ്പിങ് മാളിന് നടുവിലാണ് ഈ ആഡംബര കാസിനോ സ്ഥിതി ചെയ്യുന്നത്, സിംഗപ്പൂരിലെ ഏറ്റവും വലിയ കാസിനോ അല്ലെങ്കിലും 600 ഗെയിമിങ് ടേബിളുകളും 1500 സ്ലോട്ട് മെഷീനുകളും ഗംഭീരമായ ഫർണിച്ചറുകളും സ്റ്റൈലിഷ് ഡെക്കറുമുള്ള കാസിനോ ഒറ്റക്കാഴ്ചയിൽത്തന്നെ ഏതൊരു ചൂതാട്ടപ്രേമിയുടെയും ഹൃദയം കവരും. വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ നാട്ടുകാർക്ക് പ്രവേശന ഫീസുണ്ട്. നാട്ടുകാരനല്ലെന്ന് തെളിയിക്കാൻ ഇവിടേക്ക് കടന്നുവരുന്ന എല്ലാവരും കയ്യിൽ പാസ്പോർട്ട് കരുതണം.
6. ഗ്രാൻഡ് ലിസ്ബോവ കാസിനോ, മക്കാവു, ചൈന
ഒരു ദശലക്ഷത്തിലധികം എൽഇഡി ലൈറ്റുകൾ കൊണ്ട് നിർമിച്ച, ലോകത്തിലെ ഏറ്റവും വലിയ എൽഇഡി താഴികക്കുടമുള്ള കാസിനോയാണ് മക്കാവുവിലുള്ള ഗ്രാൻഡ് ലിസ്ബോവ.
മക്കാവുവിൻറെ തിളങ്ങുന്ന നഗരദൃശ്യങ്ങൾക്കിടയിൽ പോലും വേറിട്ടുനിൽക്കുന്ന ഗ്രാൻഡ് ലിസ്ബോവയ്ക്ക് ഏറെക്കുറെ ലാസ് വേഗസിൻറെ മുഖച്ഛായയാണ്. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. നിരവധി നിലകളിലായി, 800 ഗെയിമിങ് ടേബിളുകളും 1000 സ്ലോട്ട് മെഷീനുകളും ഇവിടെയുണ്ട്.
7. സൺ സിറ്റി, റസ്റ്റൻബർഗ്, ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയിലെ അതിഗംഭീരമായ റിസോർട്ടുകളിൽ ഒന്നാണ് സൺ സിറ്റി. പോക്കർ, ബ്ലാക്ജാക്ക്, റൗലറ്റ്, ക്രാപ്സ്, ബാക്കററ്റ് തുടങ്ങിയ ഗെയിമുകൾ ഉള്ള കാസിനോയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. തുടക്കക്കാർക്കായി, ചൂതാട്ടം പഠിപ്പിക്കുന്ന ഒരു ഗെയിമിങ് സ്കൂളുണ്ട് ഇവിടെ. അതോടൊപ്പം, കുട്ടികൾക്കായി ഒരു വാട്ടർ പാർക്ക്, ഗോൾഫ് കോഴ്സുകൾ, അയൽരാജ്യമായ പിലാനെസ്ബെർഗ് ഗെയിം റിസർവിലേക്കുള്ള യാത്രകൾ എന്നിവയും ഈ റിസോർട്ട് നൽകുന്ന വിനോദ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom