പൊള്ളുന്ന ഓർമ്മ….

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി  അമ്മ അറബി നാട്ടിലേക്ക് പോയ ആഹ് പഴയ കാലം ഓർമ്മകളിൽ ഇന്നും  ഒരു നോവാണ്..

ചേച്ചി അന്ന് ഏഴാം ക്ലാസിൽ അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കുന്ന സമയം. അമ്മ മാറി നിന്നതിന്റെ കുറവ്  അറിയിക്കാതിരിക്കാൻ

3 അമ്മാവന്മാരും ചിറ്റയും  വല്യമ്മച്ചിയും വല്യച്ഛനും  ഒക്കെയുണ്ടാരുന്നു അവൾക്ക് ചുറ്റും.

അനിയൻ (കണ്ണൻ) അന്ന് മൂന്ന് വയസ് പ്രായം.

ഒരുപാട് നേർച്ചയും പ്രാർത്ഥനയും കഴിച്ചു കിട്ടിയ ആൺകുഞ്ഞല്ലേ  എന്ന ചിന്തയിൽ കണ്ണനെയും അമ്മയുടെ വീട്ടുകാര് കൊണ്ടുപോയി.

എനിക്ക് കിട്ടേണ്ട സ്നേഹവും കരുതലും  എല്ലാം അമ്മയില്ലാത്ത ആ നാളുകളിൽ അച്ഛനിൽ മാത്രം ഒതുങ്ങി..

എന്റെ രണ്ട് കവിളിലും നിറയെ ഉമ്മ  തന്ന്

നെഞ്ചു പൊട്ടി കരഞ്ഞ് കണ്ണനെ ചേച്ചിയുടെ കൈകളിൽ കൊടുത്തു അമ്മ എയർ പോട്ടിലേക്ക് പോയ  വണ്ടി കണ്ണിൽ നിന്ന് മായും വരെ നോക്കി നിൽക്കുമ്പോൾ ഭ്രാന്ത് പിടിച്ച അവസ്‌ഥയാരുന്നു എനിക്ക്..

ഏങ്ങി ഏങ്ങി കരഞ്ഞു  തളർന്ന എനിക്ക് ആഹ് വണ്ടിയുടെ പുറകെ ഓടാനായിരുന്നു ആ നിമിഷം  തോന്നിയത്.

അന്ന് രാത്രി അമ്മയുടെ ഒരു നൈറ്റി കയ്യിലെടുത്തു കരഞ്ഞു തളർന്ന് എപ്പോഴോ ഉറങ്ങി പോയി.

അമ്മ ഗൾഫിൽ പോയി പിറ്റേ ദിവസം രാവിലെ  ഞാൻ തന്നെ ആണ് കണ്ണനെ കുളിപ്പിച്ചു ഒരുക്കിയത്.

അവന്റെ പ്രിയപ്പെട്ട കുഞ്ഞു സൈക്കിൾ എങ്ങോട്ടോ കൊണ്ടു പോകാൻ എന്ന മട്ടിൽ വല്യമ്മച്ചി പാക്ക് ചെയ്യുന്ന കണ്ടപ്പോൾ സംഗതി ആദ്യം പിടികിട്ടിയില്ല. പിന്നെ അവന്റെ  കുഞ്ഞു ഉടുപ്പുകളും എടുത്തു.. വീട്ടിലെ ബന്ധുക്കളുടെ സംസാരത്തിൽ നിന്നും മനസിലായി കണ്ണനെയും അമ്മ വീട്ടിലേക്ക് കൊണ്ട് പോവാണെന്ന്..

പിന്നെ എനിക്ക് കണ്ണീർ അടക്കാൻ ആയില്ല.

ചേച്ചി ചെറുപ്പം മുതൽ അമ്മ വീട്ടിൽ നിന്ന് വളർന്നത് കൊണ്ട് അവൾ പോകുന്നതിൽ  അത്ര വിഷമം തോന്നിയിരുന്നില്ല.. പക്ഷെ കണ്ണൻ അങ്ങനെ ആണോ.. രാവിലെ അവനെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഭക്ഷണം കൊടുക്കുന്നതും എല്ലാം ഞാൻ തന്നെയായിരുന്നു.. ഉറങ്ങി കഴിഞ്ഞാലോ ഉണരും വരെ തൊട്ടിലിന് കാവൽ ഇരിക്കും.. ആഹ് കണ്ണനെ എന്നിൽ നിന്നും പറിച്ചെടുത്തു കൊണ്ടു പോയാൽ എന്റ ഉള്ള് പിടയാതിരിക്കുമോ ?ആരോട് പറയാൻ..എന്റെ കണ്ണീർ ഒന്നും ആരും കണ്ടില്ല.. എന്റെ കണ്ണനെ എടുത്തു ചേച്ചിയുടെ കയ്യും പിടിച്ചു വല്യമ്മച്ചി പോയി.. കണ്ണന്റെ തൊട്ടി, കളിപ്പാട്ടം, ഉടുപ്പ് ..അമ്മയും പോയി കണ്ണനും പോയി..അച്ഛനും ഞാനും വീട്ടിൽ..

പേരറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു കരഞ്ഞു തീർത്ത ദിവസങ്ങളായിരുന്നു പിന്നീട്..

അമ്മയും കണ്ണനും പെട്ടെന്ന് വരണേ എന്ന്  നിലവിളക്ക്  കത്തിച്ചു എന്നും പ്രാർത്ഥിച്ചു വിങ്ങി പൊട്ടിയിരുന്ന

ആ മനസ് ആരും കണ്ടില്ല…

അമ്മ അടുത്ത് ഇല്ലാത്ത കുറവ് അച്ഛൻ അറിയിച്ചില്ലേലും അമ്മക്ക്  പകരമാകില്ലല്ലോ  മറ്റൊന്നും..അങ്ങനെ തള്ളി നീക്കിയ ഓരോ ദിവസങ്ങൾ..മാസത്തിൽ ഒന്ന് കണ്ണനെയും ചേച്ചിയെയും കാണാൻ അച്ഛൻ പോയി വരുന്നതും നോക്കി ഞാൻ തിണ്ണയിലിരിക്കും..

അച്ഛന്റെ പുറകെ ഓടി വരാൻ നോക്കിയ കണ്ണനെ  വല്യമ്മച്ചി എടുത്തോണ്ട്  പോകുന്ന കാര്യം  പറയുമ്പോൾ കണ്ണ് നിറഞ്ഞു കേട്ടിരിക്കും ഞാൻ..പിന്നെ അന്നത്തെ ദിവസം വിശപ്പും ദാഹവും ഒന്നുമില്ല..

അമ്മ ഗൾഫിൽ പോയതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രം ആയിരുന്നു ഫോൺ വിളിച്ചത്..

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു വിവരവും ഇല്ലാതായി.

മറ്റുള്ളവരെ പോലെ

അമ്മക്ക് എന്തേലും പറ്റി കാണുമോ എന്ന സംശയം എന്റെ കുഞ്ഞു മനസിലും കനല് നിറച്ചു.. ഏജന്റ് വഴി ഒക്കെ ബന്ധപ്പെട്ടിട്ടും ഒരു വിവരവും കിട്ടാത്ത മാസങ്ങൾ.. അച്ഛനും വല്യമ്മച്ചിയും അമ്മാവന്മാരും അങ്ങനെ എല്ലാവരും പ്രാർത്ഥനയും അന്വേഷണവുമായി ആധി കയറി നടക്കുന്നു..

അങ്ങനെ ഇരിക്കെ ഒരു ദിവസം അടുത്ത വീട്ടിലേക്ക് അമ്മയുടെ ഫോൺ വന്നു..

ലോട്ടറി അടിച്ച സന്തോഷത്തോടെയാണ് അച്ഛനും ഞാനും അപ്പുറത്തെ വീട്ടിലേക്ക് ഓടിയത്.. ഫോണിൽ അമ്മയുടെ സംസാരത്തെക്കാൾ കൂടുതൽ കരച്ചിലാണ് കേൾക്കുന്നത്.. എന്നെ ഇവിടുന്ന് രക്ഷിക്കണം അല്ലേൽ ഇവരെന്നെ കൊല്ലും.. എനിക്ക് ഇവിടെ ഭക്ഷണം ഇല്ല.. വെള്ളം ഇല്ല.. പണി എടുക്കുന്നതിന് കൂലി  ഇല്ല.. ഉപദ്രവം മാത്രം.. ഉടനെ രക്ഷിച്ചില്ലേൽ എനിക്ക് എന്റെ പൊന്നു മക്കളെ കാണാൻ കഴിയില്ല.. ഇത്രയും പറഞ്ഞു കട്ട് ആയ അമ്മയുടെ ഫോൺ..കണ്ണീർ അടക്കാൻ ആകാതെ ഞാൻ ഉറക്കെ കരയാൻ തുടങ്ങി എന്നെ സമാധാനിപ്പിക്കാനാകാതെ അച്ഛനും പാട് പെട്ടു… പിന്നെ എല്ലാവരും അമ്മയെ തിരിച്ചെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു..ഒടുവിൽ കുറച്ചു മാസങ്ങൾക്ക് ശേഷം മെലിഞ്ഞു ഉണങ്ങിയ ഒരു രൂപമായി രാത്രിയിൽ അച്ഛനും ബന്ധുക്കൾക്കും ഒപ്പം അമ്മ കയറി വന്നു.. സ്വർഗം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം എന്റെ അമ്മയെ തിരികെ കിട്ടിയപ്പോൾ ആയിരുന്നു..

2 പെണ്കുട്ടികൾ  ആണ് ..ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടി കടല് കടന്ന നാട്ടിൻ പുറത്തുകാരിയായ എന്റെ അമ്മ കുറച്ചു മാസത്തെ പ്രവാസ ജീവിതം കൊണ്ട് മരിച്ചു ജീവിച്ചാണ് തിരിച്ചു എത്തിയത്…പ്രവാസ ജീവിതത്തിന്റെ

അനുഭവങ്ങൾ കുറിച്ചിട്ട അമ്മയുടെ ഡയറി ഇടക്ക് എടുത്തു വായിക്കുമ്പോൾ ഒരായിരം വട്ടം മനസിൽ അമ്മയെ തൊഴുതു പോകാറുണ്ട് ഞാൻ..

 

Comments: 0

Your email address will not be published. Required fields are marked with *