യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സസ്‌പെന്‍സ് ത്രില്ലര്‍; ‘ഗ്രഹണം’ പ്രേക്ഷകരിലേക്ക്

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ഗ്രഹണം നീസ്ട്രീമിലെത്തി. ശ്രീനന്ദിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് പാഗയും ദേവിക ശിവനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് പാഗ ആണ്. സിംഗപ്പൂരില്‍ ഗ്രഹണം എന്ന പ്രതിഭാസത്തില്‍ ഗവേഷണം നടത്തുന്ന റോയ് കുരുശിങ്കെലിനെയും അദ്ദേഹത്തിന്റെ ഭാര്യ റ്റീനാ മാത്യൂസിനെയും മുന്‍നിര്‍ത്തി ആണ് ചിത്രം മുന്നോട്ടു പോകുന്നത്. പ്രശസ്ത ഗായകന്‍ ശ്രീ കമുകറ പുരുഷോത്തമന്റെ കൊച്ചുമകളും പ്രസിദ്ധ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ അനന്തരവളുമായ ദേവിക ശിവന്‍ ആണ് ഗ്രഹണത്തിന്റെ നായികാ കഥാപാത്രമായ റ്റീനാ മാത്യൂസിനെ അവതരിപ്പിക്കുന്നത്. നാടക, ഹ്രസ്വചിത്ര രംഗത്ത് അഭിനയിച്ചു സിങ്കപ്പൂര്‍ മലയാളികളുടെ ഇടയില്‍ തന്റെ സാന്നിദ്ധ്യം തെളിയിച്ച ജിബു ജോര്‍ജ് ആണ് നായക കഥാപാത്രമായ റോയ് കുരിശിങ്കലിനെ അവതരിപ്പിക്കുന്നത്.

ഇരുവരുടെയും ആദ്യ ചിത്രമാണ് ഗ്രഹണം. സുധീര്‍ കരമന, വിജയ് മേനോന്‍, ജയറാം നായര്‍, സൂരജ് ജയരാമന്‍, ആന്‍ സൂരജ് ( വി ആര്‍ എ സംഭവം), ബിനൂപ് നായര്‍ എന്നീവരാണ് മറ്റു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സിംഗപ്പൂരിലാണ് ഒട്ടുമിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളും സസ്‌പെന്‍സ് സന്ദര്‍ഭങ്ങളും തന്റെ ക്യാമറ കണ്ണിലൂടെ പകര്‍ത്തിയത് രാജ് വിമല്‍ ദേവ് ആണ്. ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നത് മിന്നല്‍ മുരളി, വെയില്‍ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലര്‍ കട്‌സ് ചെയ്ത അജ്മല്‍ സാബുവാണ്. ഓഡിയോഗ്രഫി നിര്‍വഹിച്ചത് ദേശീയ പുരസ്‌കാര ജേതാവായ എം ആര്‍ രാജകൃഷ്ണനാണ്. ലിങ്കു ഏബ്രഹാമിന്റെ വരികള്‍ക്കു ആനന്ദ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ മിഴിനിലാവായ് , ഹരിശങ്കര്‍ കെ എസ് ആലപിച്ച വെണ്മുകിലായ് , വൈഷ്ണവി കണ്ണന്‍ പാടിയ പോകാനതിലേറെ എന്നീ ഗാനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *