ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ ആ മൂന്ന് പേര്‍ ഞങ്ങളെ ഞെട്ടിച്ചു : തിരക്കഥാകൃത്ത് ബോബി

ഡയലോഗുകള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍ മൂന്ന് പേര്‍ ശ്രദ്ധേയരാണെന്നും, അവരില്‍ ഒരു നടന്റെ അഭിനയപ്രതിഭ ഇതുവരെയുള്ള തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ചെന്നും തിരക്കഥാകൃത്ത് ബോബി പറഞ്ഞു. അഭിനയപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന ബോബി – സഞ്ജയ് സഹോദരങ്ങള്‍, തങ്ങളുടെ തിരക്കഥകള്‍കൊണ്ട് മലയാള സിനിമ ലോകത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

തിരക്കഥാകൃത്ത് ബോബിയുടെ വാക്കുകളിലേക്ക് :

“ഞങ്ങളുടെ സിനിമ ജീവിതത്തില്‍ ഒരു അഭിനയ പ്രകടനം ഞെട്ടിച്ചിട്ടുണ്ട്. അത് നെടുമുടി വേണു ചേട്ടന്റേത് ആയിരുന്നു. നെടുമുടി ചേട്ടന് ‘നിര്‍ണ്ണായകം’ എന്ന സിനിമയുടെ അവസാനം ഒരു നെടുനീളന്‍ ഡയലോഗ് ഉണ്ട്. അത് കാണാതെ പഠിച്ച് പറയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് പോകാന്‍ ധൃതിയുള്ള നടന്മാര്‍ ഒന്നും അത്രയും സമയം ഒരു സീനിനു വേണ്ടി കാണാതെ പഠിക്കാന്‍ ചിലവഴിക്കില്ല. ആ സീന്‍ ചെയ്യുന്നതിനു മുമ്പുള്ള നെടുമുടി ചേട്ടന്റെ അസ്വസ്ഥത ഞങ്ങള്‍ നേരിട്ട് കണ്ടതാണ്. അദ്ദേഹം ഞങ്ങള്‍ എഴുതി വെച്ചിരുന്ന സംഭാഷണം പറഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ അത് എത്രത്തോളം മികവോടെ ചെയ്യാം എന്ന ചിന്ത ആയിരുന്നു.

മോഹന്‍ലാല്‍, നെടുമുടി വേണു, പാര്‍വ്വതി എന്നിവര്‍ ഡയലോഗ് കാണാതെ പഠിക്കുന്നതില്‍ ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കടലാസ്സില്‍ എഴുതി വെച്ചതുകൊണ്ടോ, നന്നായി ചിത്രീകരിച്ചതുകൊണ്ടോ ഒരു സീനിന്റെ പൂര്‍ണ്ണത സംഭവിക്കുന്നില്ല. അഭിനേതാവിന്റെ മികവാണ് ഏറ്റവും പ്രധാനം.”

Comments: 0

Your email address will not be published. Required fields are marked with *