സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ടിപിആര്‍ 15ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തിന് മുകളില്‍ തന്നെയാണ് സംസ്ഥാനത്തെ ടിപിആര്‍ നിരക്ക്. പ്രതീക്ഷിച്ച അളവില്‍ കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഇതിന് പുറമേ പത്തനംതിട്ട ഉള്‍പ്പെടെ ചില ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യവുമുണ്ട്. വീണ്ടും തീവ്രവ്യാപനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് ആലോചന.

ടിപിആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് ആലോചന. നിലവില്‍ എട്ടുശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇത് അഞ്ചുശതമാനമാക്കും. ടിപിആര്‍ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമേ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അഞ്ചിനും പത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങളെ മിതമായ തോതില്‍ കൊവിഡ് വ്യാപനം സംഭവിക്കുന്ന പ്രദേശങ്ങളായാണ് കാണുക. പത്തിന് മുകളിലുള്ള പ്രദേശങ്ങളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വേണ്ട മേഖലയായാണ് കാണുക.

Comments: 0

Your email address will not be published. Required fields are marked with *