അമിത വണ്ണമാണോ പ്രശ്നം..?? ഈ ഭക്ഷണങ്ങൾ രാത്രിയിൽ നിർബന്ധമായും ഒഴിവാക്കൂ

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രാത്രി ഭക്ഷണം കുറച്ചാൽ അമിതവണ്ണം കുറയ്ക്കാമെന്ന് പറയാറുണ്ട്. എന്നാൽ പട്ടിണി കിടക്കലല്ല ശരീരത്തിന് ആവശ്യമായത് കഴിക്കുകയാണ് വേണ്ടത്. ഉറക്കസമയത്തിന് തൊട്ടുമുമ്പ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിൽ ആയിരിക്കേണ്ടത് ആത്യാവശ്യമാണ്. ഇവ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഇത് ദഹന വ്യവസ്ഥയെ അവതാളത്തിലാക്കികൊണ്ട് ശരീരഭാരം വർധിപ്പിക്കാൻ കാരണമായേക്കും. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്തതോ അല്ലെങ്കിൽ ഒഴിവാക്കേണ്ടതോ ആയ വിവിധ ഭക്ഷണങ്ങൾ ഉണ്ട്.

ശീതീകരിച്ച ഭക്ഷണങ്ങൾ വേണ്ട

ശിതീകരിച്ചെടുത്ത ഭക്ഷണങ്ങളിൽ ശരീരത്തിന് ഹാനികരമായ ധാരാളം പ്രിസർവേറ്റീവുകളും കൃത്രിമ എൻഹാൻസറുകളും അടങ്ങിയിട്ടുണ്ടാകും. കൂടാതെ ഹൈഡ്രജനേറ്റഡ് എണ്ണകൾ, പഞ്ചസാര, ഉപ്പ്, അധിക കലോറി എന്നിവ ഉയർന്ന അളവിൽ തണുപ്പിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ചില ഭക്ഷണങ്ങളിലെ ചൂട് നഷ്ടപ്പെടുന്നത് വഴി ഇവയിലെ പോഷകമൂല്യം കുറയാനും സാധ്യതയുണ്ട്.

പോപ്കോൺ വേണ്ട

രാത്രിയിൽ പോപ് കോൺ കഴിച്ച് സിനിമ കാണുന്ന ശീലമുണ്ടോ..? അതങ്ങ് നിർത്തിയേക്കൂ.രാത്രിയിൽ ഇത് കഴിക്കുന്നത് ശരീരത്തിന് ഭാരം വർദ്ധിപ്പിക്കാനേ കാരണമാകുകയുള്ളൂ.

കർബണേറ്റഡ് പാനീയങ്ങൾക്ക് ‘നോ’ പറയാം

എല്ലാ ശീതളപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും രാത്രി കാലങ്ങളിൽ കഴിക്കാൻ പാടില്ലാത്തവയാണ്. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്.

ടൊമാറ്റോ സോസ്

തക്കാളി സോസ് അഥവാ കെച്ചപ്പ് വളരെ രുചികരവും എല്ലാത്തരം ഭക്ഷണവിഭവങ്ങളോടും കൂടെ ചേർത്ത് കഴിക്കാൻ സാധിക്കുന്നവയും ആണ്. ഇതിൽ ഉയർന്ന അളവിൽ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ അളവ് ഇതിൽ ഉയർന്നു നിൽക്കുന്നു. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.

ചീസ് ഒഴിവാക്കിയേ തീരൂ

ചീസിൽ ധാരാളം പൂരിത കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ മാത്രമേ കാരണം ആവുകയുള്ളൂ

പിസ്സ വേണ്ടേ വേണ്ട

കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, സോസിലെ പഞ്ചസാര, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം പിസ്സയിൽ അടങ്ങിയിക്കുന്ന ഇവയെല്ലാം നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നവയാണ്.

നട്ട്സ് രാത്രിയിൽ വേണ്ട

മികച്ച പോഷകങ്ങൾ അടങ്ങിയിരിക്കുന്നതും ശരീരത്തിന് ഊർജ്ജം നൽകുന്നതുമായ ഗുണങ്ങളടങ്ങിയിട്ടുള്ളതാണ് എല്ലാത്തരം നട്ട്സുകളും. എന്നാൽ ഈ പോഷകങ്ങളെല്ലാം ഉയർന്ന അളവിൽ വരുന്നത് ഇതിൽ അടങ്ങിയിട്ടുള്ള കലോറികളിൽ നിന്നാണ്. അതിനാൽ നട്ട്സുകൾ രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്,

ഐസ്ക്രീം രാത്രി കഴിക്കേണ്ട

ഐസ്ക്രീമിലെ പഞ്ചസാരയും കലോറിയും ശരീരഭാരം കുറയ്ക്കുന്നതിനെ തടഞ്ഞു നിർത്തുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഐസ്ക്രീം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രാത്രിയിൽ.

ഡാർക്ക് ചോക്ലേറ്റ് ഒഴിവാക്കാം

ഡാർക്ക് ചോക്ലേറ്റ് സാധാരണ ചോക്ലേറ്റിനേക്കാൾ ആരോഗ്യകരമാണ് എന്ന കാര്യം എല്ലാവർക്കും അറിയാം.
എന്നാൽ രാത്രികാലങ്ങളിൽ ഇത് കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയും കലോറിയും ദഹനപ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ശരീരഭാരം കുറയ്ക്കുന്നത് തടയുകയും ചെയ്യും

 

Comments: 0

Your email address will not be published. Required fields are marked with *