കാസർഗോഡിൽ നിന്നും കന്യാകുമാരിയിലേക്ക് ഒരു കാൽനട യാത്ര ; ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സഫ്‌വാനും സഹദും

കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേമുനമ്പായ കന്യാകുമാരിയിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ ഒരുങ്ങി മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സഫ്‌വാനും സഹദും. കേരളത്തിലെ എല്ലാ ജില്ലകളുടെയും ആത്മാവിനെ തൊട്ടറിഞ്ഞ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടുള്ള യാത്രയാണ് ഈ 20 വയസ്സുകാർ ലക്ഷ്യമിടുന്നത്.

കാസർഗോഡിൽ നിന്നും ആഗസ്റ്റ് ഒന്നിന് യാത്ര തിരിച്ച ഇവർ ആറാം തീയതി വയനാട്ടിൽ എത്തി. ഞായറാഴ്ച മാനന്തവാടി തലപ്പുഴയിൽ വിശ്രമിച്ച ഇവർ തിങ്കളാഴ്ച യാത്ര തുടർന്നു. ഒരു മാസത്തിൽ കന്യാകുമാരിയിൽ എത്താനാണ് ഇവർ പദ്ധതിയിടുന്നത്.

ഇവർ നടന്നു പോകുന്നത് ശ്രദ്ധിക്കുന്ന സഹൃദയർ ആഹാരവും താമസസൗകര്യവും ഒരുക്കി നൽകാറുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് 5ആം തീയതി തങ്ങള്‍ക്ക് സൗജന്യമായി താമസസൗകര്യം ഒരുക്കി നല്‍കിയെന്നും, ഓരോ നാടുകളിലും ‘കേട്ടറിഞ്ഞ നാട്ടിലൂടെ കണ്ടറിയാന്‍ ഒരു കാല്‍നടയാത്ര’ സ്വീകരിക്കപ്പെടുന്നുണ്ടെന്നും ഇരുവരും പറയുന്നു. ഇവര്‍ സൈക്കിളില്‍ മുന്‍പ് പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കാല്‍നടയാത്ര ആസ്വദിക്കുന്നത്. സഫ്‌വാനും സഹദും മഞ്ചേരി ഏറനാട് നോളജ് സിറ്റിയിലെ ബിരുദ വിദ്യാർത്ഥികളാണ്.

Comments: 0

Your email address will not be published. Required fields are marked with *