Flash News

പണക്കിഴി വിവാദത്തില്‍ ഭരണപക്ഷത്തിന്റെ ബദല്‍ നീക്കം; മുന്‍ ഇടത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണം

പണക്കിഴി വിവാദത്തില്‍ പ്രതിരോധത്തിലായ തൃക്കാക്കര നഗരസഭയിലെ ഭരണപക്ഷം മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലൻസിന് കത്ത് നല്‍കി.

മുൻ ഭരണ സമിതിയുടെ കാലത്ത് മൂന്ന് മരാമത്ത് ജോലികളില്‍ പത്ത് കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നഗരസഭാ കെട്ടിടത്തിന്റെ നവീകരണം, എൽഇഡി വിളക്കുകൾ സ്ഥാപിക്കല്‍, പാപ്പാളി റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യൽ, എന്നിവയിലാണിത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രമേയം പാസാക്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറി വിജിലന്‍സിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. പണക്കിഴി വിവാദത്തില്‍ നഗരസഭക്ക് പുറത്തേക്ക് സമരം വ്യാപിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് യുഡിഎഫിന്‍റെ ബദല്‍ നീക്കം.

Comments: 0

Your email address will not be published. Required fields are marked with *