മേപ്പടിയാന്റെ വിജയത്തിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദന്റെ കരിയറിൽ വളരെ പ്രത്യേകതകയുള്ള ചിത്രമാണ് മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ നിർമാണ മേഖലയിലേക്ക് കടന്നതിന് ശേഷം ആദ്യമായി നിർമിച്ച സിനിമ കൂടിയാണ് മേപ്പടിയാൻ. ഇത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതയും. മൂന്ന് വർഷത്തിനു ശേഷമാണ് ഒരു സോളോ ഹീറോ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. എന്നാൽ കൊവിഡ് കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. എന്തൊക്കെയോ കാരണങ്ങളാൽ മേപ്പടിയാൻ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാവുന്നു എന്ന് ഉണ്ണി പറയുന്നു. ഉണ്ണി മുകുന്ദന്റെ കുറിപ്പ് “ഒരിക്കലും ‘മറ്റൊരു ചിത്രം’ അല്ല എനിക്ക് മേപ്പടിയാൻ. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാൻ നൽകിയ ഓരോ സെക്കൻഡും അത് അർഹിക്കുന്നതായിരുന്നു എന്നു പറയാൻ അഭിമാനമുണ്ട്. മേപ്പടിയാൻ കണ്ട്, എൻറെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നൽകിയ എല്ലാവർക്കും നന്ദി. ഇനി കാണാനുള്ളവർ കാണുക. മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാൻ. ‘ജയകൃഷ്ണനാ’വാൻ വിഷ്ണു മോഹൻ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയർപ്പിച്ചതും, പിന്നീട് ഈ ചിത്രത്തിൻറെ നിർമ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്ദാനം ചെയ്തിരുന്നതുപോലെ ചിത്രം തിയറ്ററുകളിൽ എത്തിച്ചതുമൊക്കെ എക്കാലവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. ഈ സ്നേഹത്തിന് നന്ദി. മേപ്പടിയാൻ ഇഷ്ടപ്പെട്ട്, സോഷ്യൽ മീഡിയയിൽ പ്രശംസ അറിയിച്ചവർക്കെല്ലാം നന്ദി. എല്ലാ മെസേജുകൾക്കും കോളുകൾക്കും നന്ദി. ഇതായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാൻ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിലെ എൻറെ സംഘാംഗങ്ങൾക്കും ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കും മേപ്പടിയാനിലെ മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദി”. ഉണ്ണി മുകുന്ദൻറെ ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും വേറിട്ട കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണൻ. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യൻ നായികയായി എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.