ഇതാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ സിനിമാ ഗാനം

മലയാളികളുടെ പ്രിയ താരദമ്പതികള്‍ ചേര്‍ന്ന് പാടിയ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നടനായും സംവിധായകനായും ഗായകനായും കൈയടി നേടുന്ന വിനീത് ശ്രീനുവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘സാറാസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

വിനീതും ദിവ്യയും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പാടുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും ചലച്ചിത്രതാരവുമായ നിവിന്‍ പോളിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗാനം ആരാധകര്‍ക്കായി പങ്കുവെച്ചത്.

അന്ന ബെന്‍ നായികാ കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 5നാണ് ‘സാറാസി’ന്റെ റിലീസ്.

‘വരവായി നീ….’ എന്നു തുടങ്ങുന്ന ഈ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് അന്ന ബെന്നും സണ്ണി വെയ്‌നുമാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോ പോളാണ് ഈ ഗാനത്തിന്റെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *