2022ന്റെ ആദ്യ വൈറല്‍ ഗെയിമായി 'വേഡ്ൽ

2022ന്റെ ആദ്യ വൈറല്‍ ഗെയിമായി ‘വേഡ്ൽ

മുന്‍ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ പുതുമകള്‍ ചാലിച്ചൊരുക്കിയ വേഡ്ൽ (Wordle) ഗെയിം വളരെ പെട്ടെന്നാണ് ലോകമെമ്പാടും പ്രചാരം നേടിയത്. ഇന്റര്‍നെറ്റിലെ കൊടുങ്കാറ്റ് എന്നാണ് എബിസി ന്യൂസ് ഈ ഗെയിമിനെ വിശേഷിപ്പിച്ചത്. പുതുവര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഗെയിമിനെ ‘2022ന്റെ ആദ്യ വൈറല്‍ ട്രെന്‍ഡിന്റെ’ ഭാഗമായി കൂടി വിലയിരുത്തപ്പെട്ടു തുടങ്ങി എന്നതും ശ്രദ്ധിക്കണം. എന്തിനേറെ, വേഡ്‌ലിന്റെ വിജയത്തിന്റെ പങ്കുപറ്റാനായി പലരും അനുകരണ ആപ്പുകളുണ്ടാക്കി ആപ് സ്റ്റോറിലിട്ടു. ഇതു ശ്രദ്ധയില്‍പെട്ട ആപ്പിള്‍ അവയെ നിഷ്‌കരുണം നീക്കംചെയ്യുകയും ചെയ്തു. കൊറോണാവൈറസ് കാലത്ത് തന്റെ പങ്കാളിയുമൊത്ത് അര്‍ഥവത്തായ രീതിയില്‍ സമയം ചെലവഴിക്കാനുള്ള ഒരു മാര്‍ഗമായാണ് വേഡ്ല്‍ രൂപംകൊള്ളുന്നതെന്ന് അതിന്റെ സൃഷ്ടാവായ ജോഷ് വാഡ്ല്‍ (Josh Wardle) ന്യൂസ്‌വീക്കിനോടു പറഞ്ഞു. വേഡ്ല്‍ കളിക്കുക വഴി സമയംകളയുക എന്നതു മാത്രമല്ല ആംഗല പദസമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ∙ നിഗൂഢത അനാവരണം ചെയ്യാനുള്ള പ്രേരണ ഗെയിമിന്റെ സാധ്യത മനസിലാക്കിയ അദ്ദേഹം ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി ഒരു പൊതു വെബ്‌സൈറ്റിനെ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ വെറും 90 പേര്‍ മാത്രം കളിച്ചിരുന്ന ഗെയിം കളിക്കുന്നവരുടെ എണ്ണം മാസങ്ങള്‍ക്കകം 20 ലക്ഷം കടന്നു. ഗെയിമിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയും അവിശ്വസനീയമായ വേഗത്തിലായിരുന്നു. നിഗൂഢ കോഡുകളുടെ അര്‍ഥം മനസിലാക്കിയെടുക്കുക എന്ന താത്പര്യം പൊതുവെ മനുഷ്യരില്‍ നിക്ഷിപ്തമാണ്. തങ്ങള്‍ എത്ര ബുദ്ധിയുളളവരാണ് എന്ന് ഓണ്‍ലൈനില്‍ കാണിച്ചുകൊടുക്കാനുള്ള അവസരം മുതലാക്കാനാണ് ആളുകള്‍ ഈ ഗെയിമില്‍ ആകൃഷ്ടരായിരിക്കുന്നത് എന്നും പറയുന്നു. മറ്റു രണ്ട് ഉള്‍പ്രേരണയും ഗെയിമിന്റെ വിജയത്തിനു പിന്നിലുണ്ടെന്നും വാഡ്ല്‍ വിശ്വസിക്കുന്നു – ഗെയിം കളിക്കാന്‍ പൈസ ചെലവിടേണ്ട എന്നതും, കുറച്ചു സമയം മാത്രം കളഞ്ഞാല്‍ മതി എന്നതും. ദിവസത്തില്‍ ഒരിക്കല്‍ ലോഗ്-ഇന്‍ ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ഈ പസിളിനുളള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. കൂട്ടുകാരും മറ്റുമായി ഉത്തരത്തെക്കുറിച്ച് ചര്‍ച്ചയും ചെയ്യാം. ∙ എന്താണ് വേഡ്ല്‍? അതിലളിതമായ ഒരു സമവാക്യമാണ് ഗെയിമിനെ വൈറല്‍ ആക്കിയത്. ഒരു ദിവസം ഒരു പസില്‍. അഞ്ച് അക്ഷരങ്ങള്‍ ഉള്ള ഒരു വാക്ക് കണ്ടെത്തണം, ആറ് തവണ ‘വേഡ് ഓഫ് ദി ഡേ’ പരിഹരിക്കാന്‍ പരിശ്രമിക്കാം. ‘അത് തന്നെ അത്രമേല്‍ ആകര്‍ഷിക്കുന്നു,’ എന്നാണ് ദിവസവും വേഡ്ല്‍ കളിക്കുന്ന സൂസ്ന്‍ഡ്രബിന്‍ എഎഫ്പിയോട് പറഞ്ഞത്. ബോര്‍ഡ് ഉപയോഗിച്ചു കളിക്കുന്ന കളിയായ മാസ്റ്റര്‍മൈന്‍ഡിന്റെയും ഒരു കാലത്ത് പത്രങ്ങളില്‍ ദിവസവും ഉണ്ടായിരുന്ന ക്രോസ്‌വേഡ് കളിയുടെയും ഒരു മിശ്രണമാണിത് എന്നു വേണമങ്കില്‍ വേഡ്‌ലിനെ വിശേഷിപ്പിക്കാം. പ്രത്യേകിച്ചു ക്രമമില്ലാതെ (random) അഞ്ചു വാക്കുകള്‍ കാണിക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ അക്ഷരങ്ങള്‍ ഉള്ള വാക്കാണ് ശരിയുത്തരം, എന്നാല്‍ അവ ക്രമത്തിലല്ലെങ്കില്‍ വേഡ്ല്‍ അത് മഞ്ഞ നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യും. ശരിയാണെങ്കില്‍ പച്ച നിറത്തില്‍ അവ ഹൈലൈറ്റ് ചെയ്യും. ഗ്രേ നിറത്തിലാണെങ്കില്‍ വാക്ക് അതല്ല. ∙ ലാളിത്യത്തിനും നൂതന ശൈലിക്കും കൈയ്യടി ഗെയിമിന്റെ സൃഷ്ടാവായ വാഡ്ല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് തുടങ്ങി 90 പേര്‍ മാത്രം കളിച്ചിരുന്ന ഗെയിം ദശലക്ഷങ്ങള്‍ കളിക്കുന്ന ഒന്നായി തീര്‍ന്നത് 2022ല്‍ ആണ്. ഇതിനാലാണ് ഇത് പുതിയ വര്‍ഷത്തിന്റെ ട്രെന്‍ഡുകള്‍ക്കിടയില്‍ ഇടം പിടിച്ചിരിക്കുന്നത്. ആളുകള്‍ ഓരോ ദിവസവും തങ്ങള്‍ വേഡ്ല്‍ കളിച്ച റിസള്‍ട്ട് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും തുടങ്ങിയിരിക്കുകയാണ്. വേഡ്‌ലിന്റെ നവീനവും വേറിട്ടതുമായ ശൈലിക്കാണ് കൈയ്യടി നല്‍കേണ്ടതെന്ന് ഗിസ്‌മോഡോ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആന്‍ഡ്രൂ കൗട്‌സ് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *