മമ്മൂട്ടി സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ ബയോപിക്ക് ഒരുക്കും, നായകന്‍ നിവിന്‍ പോളി : ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന മമ്മൂട്ടിയുടെ ബയോപിക്കില്‍ നിവിന്‍ പോളി നായകന്‍ ആകുന്നു. മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ‘ഓം ശാന്തി ഓശാന’യ്ക്ക് മുന്‍പ് തന്നെ ആലോചിച്ചിരുന്നു എന്ന് ജൂഡ് ആന്റണി പറഞ്ഞു. അന്ന് മമ്മൂട്ടി പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്ന് ആയിരുന്നു.

ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക് :

“മമ്മൂട്ടി സമ്മതിച്ചാല്‍ ഞങ്ങള്‍ തയ്യാറാണ്. നിവിന്‍ കടുത്ത മമ്മൂട്ടി ഫാന്‍ ആണ്. പഠനകാലത്ത് നിവിന്‍ മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗം ആയിരുന്നു. എന്നോട് മമ്മൂട്ടിയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ വായിക്കാന്‍ പറയുന്നതും, അത് ഒരു സിനിമ ആക്കിയാലോ എന്ന് ചോദിക്കുന്നതും നിവിന്‍ ആണ്. ഞാന്‍ അത് ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍’ എന്ന പേരില്‍ ഹൃസ്വചിത്രമായി ഒരുക്കിയപ്പോള്‍ നിവിന്‍ കൂടെ നിന്നു.

മകനെക്കാള്‍ മറ്റൊരു നടന്‍ അച്ഛന്റെ വേഷം അഭിനയിക്കുന്നതാണ് നല്ലത് എന്ന് തോന്നി. അതുകൊണ്ട് ആണ് നിവിനെക്കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചത്.”

‘സാറാസ്’ ആണ് ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരാണ്.

നിവിന്‍ പോളിയുടേതായി രാജീവ് രവിയുടെ ‘തുറമുഖം’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം കൊച്ചി തുറമുഖത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന ‘ചാപ്പ’ സമ്പ്രദായത്തിന് എതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തിന്റെ കഥയാണ് പറയുന്നത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ‘കനകം കാമിനി കലഹം’ എന്ന നിവിന്‍ പോളി ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *