കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുട്ട് യുവതി; വീഡിയോ വൈറൽ
കൊടുംചൂടിൽ വലയുകയാണ് രാജ്യത്തെ ജനങ്ങൾ. പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ താപ തരംഗം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇപ്പോഴിതാ ചൂടിന്റെ അതി കാഠിന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒഡിഷയിലെ സോനെപുർ സ്വദേശിനിയായ യുവതി, തുറസായ സ്ഥലത്ത് നിന്ന് കാറിന്റെ ബോണറ്റിനു മുകളിൽ ചപ്പാത്തി ചുട്ടെടുക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവിൽ എന്നപോലെ നിമിഷങ്ങൾക്കകം ബോണറ്റിന് മുകളിൽവച്ച് ചുട്ടെടുക്കുന്നത് വീഡിയോയിൽ കാണാം. താപ തരംഗത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. കൊടുംചൂട് മൂലം ഒഡിഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താത്കാലിക അവധി നൽകിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. മെയ് രണ്ട് വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom