നാല് കുംകി ആനകൾ ചേർന്നാണ് മുറിവേറ്റ ഈ കാട്ടാനയെ മെരുക്കിയത്

മണിക്കൂറുകളോളമുള്ള പോരാട്ടത്തിനോടുവിലാണ് വനം ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച നാല് കുംകിയാനകളും ചേർന്ന് പരിക്കേറ്റ കാട്ടാനയെ മുദുമലയിൽ നിന്നും പിടികൂടിയത്. ഗുരുതരമായ പരിക്കുമായാണ് കാട്ടാന കോയമ്പത്തൂർ സർക്കിളിൽ നിന്ന് മുദുമല സർക്കിളിലേക്ക് പ്രവേശിച്ചത്. രണ്ടുവർഷത്തിലേറെയായി ആന ഈ പരിക്കുമായി കഷ്ടപ്പെടുകയായിരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പഴങ്ങൾക്കൊപ്പം മരുന്നും നൽകി മുറിവ് ചികിത്സിക്കാൻ വന്യജീവി ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ഒരാഴ്ച മുൻപ് ആന പരിക്കുമായി സമീപത്തുള്ള ജലാശയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ആനയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട വന്യജീവി പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായം തേടുകയായിരുന്നു.

ആന ശാന്തനല്ലാത്ത അവസ്ഥയിൽനിന്നതുകൊണ്ടാണ് നാല് കുംകി ആനകളെ ഈ പ്രദേശത്തേക്ക് കൊണ്ടുവരേണ്ടിവന്നത്. പരിക്കേറ്റ ആന ദുർബലമായി തളർന്നിട്ടുണ്ടെങ്കിലും ശക്തമായാണ് അത് എതിരിട്ടത്. മലയോരമേഖലയിൽ നിന്ന് ആനയെ താഴെയിറക്കാൻ 50 ഓളം വന്യജീവി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. മൂന്നു മണിക്കൂറോളം പ്രവർത്തനം തുടർന്നു. ഓരോ തവണയും കാട്ടാന തിരിഞ്ഞ് പോകാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കുംകിയാനകളുടെ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് കാട്ടാനയെ മുദുമല വനത്തിലെ ആനക്ക്യാമ്പിലേക്ക് മാറ്റാൻ സാധിച്ചത്.

രാജ്യത്തെ 30,000 ആനകളിൽ 9,000 ആനകളും മുദുമലയിലും പരിസര വനങ്ങളിലും വസിക്കുന്നതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കിഷൻ കുമാർ കൗശൽ പറഞ്ഞു. പരിസ്ഥിതിയിലെ ഒരു പ്രധാന മൃഗമെന്ന നിലയിൽ ഓരോ ആനയും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മുൻപുണ്ടായ ഏതോ അപകടത്തിലാണ് ആനയ്ക്ക് പരിക്കേറ്റത്. ഞങ്ങൾ കുറച്ച് മരുന്ന് നൽകിയപ്പോൾ കുറച്ച് നേരത്തേക്ക് രോഗശാന്തി ഉണ്ടായിരുന്നു. പക്ഷേ അത് നിലനിർത്താൻ കഴിഞ്ഞില്ല. അതിനാൽ, ഇതാദ്യമായാണ് ഞങ്ങൾ ഒരു ആനയെ ട്രാൻക്വിലൈസർ ഉപയോഗിക്കാതെ പിടികൂടിയത്. 2 മുതൽ 3 മാസത്തെ ചികിത്സയ്ക്ക് ശേഷം ഞങ്ങൾ ഇതിനെ വിട്ടയക്കും,” കിഷൻ കുമാർ കൂട്ടിച്ചേർത്തു.

വീഡിയോ കാണാം: https://www.indiatoday.in/trending-news/story/four-kumki-elephants-help-capture-injured-wild-tusker-in-tamil-nadu-viral-video-pics-1816034-2021-06-17?jwsource=cl

Comments: 0

Your email address will not be published. Required fields are marked with *