രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ! വെളിപ്പെടുത്തലുമായി സെലൻസ്കി
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ താൻ കൊല്ലപ്പെട്ടേനെയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. രാജ്യത്തിന്റെ തലവനെ തന്നെ ഇല്ലാതാക്കി യുക്രൈനെ രാഷ്ട്രീയമായി കൂടി തകർക്കാനായിരുന്നു റഷ്യൻ ശ്രമം. അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തലനാരിഴയ്ക്കാണ് റഷ്യൻ സൈന്യത്തിൽനിന്നു രക്ഷപ്പെട്ടതെന്നും സെലെൻസ്കി ടൈം മാഗസിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെയും കുടുംബത്തെയും തേടി റഷ്യൻ സൈന്യമെത്തിയെന്നു സെലെൻസ്കി പറഞ്ഞു. ‘‘എന്നെ ലക്ഷ്യമിട്ട് റഷ്യൻ ടാസ്ക് ഫോഴ്സ് പാരച്യൂട്ടിൽ കീവിൽ പ്രവേശിച്ചതായി വിവരം ലഭിച്ചു. ഭാര്യ ഒലേനയും 17 വയസ്സുള്ള മകളും ഒൻപതുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. മകനെയും മകളെയും വിളിച്ചുണർത്തി, ബോംബാക്രമണം ആരംഭിച്ചിരിക്കുന്നുവെന്ന് എനിക്കും ഭാര്യയ്ക്കും പറയേണ്ടി വന്നു’’ – സെലെൻസ്കി പറഞ്ഞു.അധിനിവേശത്തിന്റെ രണ്ടാം ദിനം, സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും അതിനു സഹായിക്കാമെന്നുമുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശത്തോട്, എനിക്കു വേണ്ടത് അഭയമല്ല ആയുധമാണെന്നായിരുന്നു തന്റെ മറുപടിയെന്നും സെലെൻസ്കി പറഞ്ഞു. ഭരണത്തിലേറി മൂന്നു വർഷമാകുമ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ നിലനിൽപു ഭീഷണിയിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് പോരാടാനായിരുന്നു തന്റെ തീരുമാനമെന്നും സെലെൻസ്കി അഭിമുഖത്തിൽ വ്യക്തമാക്കി. യുക്രെയ്ൻ കണ്ടിട്ടുള്ള ഏറ്റവും ജനകീയനായ പ്രസിഡന്റാണ് സെലെൻസ്കി.